Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ശിവക്ഷേത്രമാണെന്ന വാദം തെറ്റാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം.
കഴിഞ്ഞ ദിവസം ആഗ്ര കോടതിയിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്. താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നും കാണിച്ച് ആഗ്ര കോടതിയില്‍ കേസ് നിലവിലുണ്ട്.
ഇതിന് മറുപടിയായാണ് താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നല്‍കിയത്. അഭിഭാഷകനായ രാജീവ് കുല്‍ശ്രേഷ്ത ഫയല്‍ ചെയ്ത കേസിലാണ് പുരാവസ്തുവകുപ്പിന്റെ അഭിഭാഷകനായ അഞ്ജനി ശര്‍മ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുകള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാരും മുമ്പ് വ്യക്തമാക്കിയിരുന്നു. ആഗ്രയിലെ സൗധം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാന്‍ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചതെന്നുമാണ് ഒരു വിഭാഗം അവകാശപ്പെട്ടത്.
താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് ‘താജ്മഹല്‍, ദി ട്രൂ സ്റ്റോറി’ എന്ന പേരില്‍ പിഎന്‍ ഓക്ക് പുസ്തകം രചിച്ചിരുന്നു. തേജോമഹാലയ എന്ന ശിവക്ഷേത്രം പണിതത് രജപുത്ര രാജാവാണെന്നും പുസ്തകത്തില്‍ അവകാശപ്പെട്ടിരുന്നു.
പുസ്തകം രചിക്കുക മാത്രമല്ല താജ്മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തില്‍ ഓക്ക് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി അദ്ദേഹത്തെ ശാസിക്കുകയായിരുന്നു.
Leave a Reply