Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ലോക എയ്ഡ്സ് ദിനം. എയ്ഡ്‌സിനെക്കുറിച്ച് സമൂഹത്തെ ബോധവാന്‍മാരാക്കുകയും എച്ച് ഐ വി ബാധിതര്‍ക്ക് കിട്ടേണ്ട സാമൂഹിക പരിഗണന ഉറപ്പുവരുത്തുകയുമാണ് ഈ ദിനം കൊണ്ട് ലക്ഷ്യമാക്കുന്നത്. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് ലോകമെങ്ങും സംഘടിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തുനില്‍പ്പിന് ശക്തി കൂട്ടാനാണ് എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. എച്ച് ഐ വി പ്രതിരോധത്തിന് ഓരോ പൗരനും മുൻകൈ എടുക്കണം എന്നതാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ 27-ാം വാര്‍ഷികദിനമായ ഇന്ന് ലോകം പിന്തുടരുന്ന ആശയം.
എയ്ഡ്സ് എന്ന ഭീകരതയെ നേരിടാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കുന്നതിനും എയ്ഡ്സ് വ്യാപകമാകുന്നത് തടയുന്നത് ലക്ഷ്യമിട്ടും 1988-ലാണ് ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കാന്‍ ലോകാരോഗ്യസംഘടനയും, ഐക്യരാഷ്ട്രസഭയും മുന്നോട്ട് വന്നത്. ഹ്യുമൻ ഇമ്മ്യൂണോ വൈറസ് (എച്ച്.ഐ.വി) ശരീരത്തിലേക്ക് കടക്കുന്നത് വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന ഭീതികരമായ അവസ്ഥയാണ് അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്. അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്സ്.
1984-ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിയ്ക്ക് ഭീഷണിയായ എച്ച്.ഐ.വി. വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. ഇവരില്‍ 2.4 ലക്ഷം പേര്‍ കുട്ടികളാണ്.
കൂടാതെ എയ്ഡ്സ് ബാധിതരിലെ 80 ശതമാനവും 15 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതാണ് ഈ മാരകരോഗം ഇന്ന് ലോകത്തിനുണ്ടാക്കിയ ദുരവസ്ഥ. അതേസമയം, കൃത്യ സമയത്തെ രോഗനിര്‍ണ്ണയവും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളും 2005 മുതല്‍ 2013 വരെ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്താനും സാധിച്ചിട്ടുണ്ട് എന്നതും നേട്ടമാണ്.
എയ്ഡ്‌സ് പകരുന്ന വഴികള്‍, അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.
Leave a Reply