Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എറണാകുളം: മൂവാറ്റുപുഴ മീന്‍കുന്നത്ത് ഓടികൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ച് രണ്ട് പേര്‍ വെന്തു മരിച്ചു. നാലു പേര്‍ക്ക് പൊള്ളലേറ്റു. ഏറ്റുമാനൂര്‍ കട്ടച്ചിറ വരവുകാലായില്‍ ടി.എ. ജെയിംസ് (72), മകള്‍ തിരുവനന്തപുരം കേശവദാസപുരം മത്താങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി (45) എന്നിവരാണ് മരിച്ചത്. കുമളി ലോവര്‍ ക്യാമ്പ് അംബേദ്കര്‍ കോളനിയില്‍ ലക്ഷ്മി (55), മരുമകള്‍ ജോയ്‌സ്, ഡ്രൈവര്‍ കൃഷ്ണദാസ്, നഴ്‌സ് ബെല്‍ബിന്‍ ആന്റണി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.വയനാട്ടില്‍ നിന്ന് രോഗിയുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.ഇന്നലെ വൈകിട്ട് 6.45ഓടെ മൂവാറ്റുപുഴ-കോട്ടയം എംസി റോഡില്‍ മാറാടി സാറ്റലൈറ്റ് സ്റ്റേഷന് സമീപമുള്ള കൊടുംവളവില്‍ വച്ചാണ് ദുരന്തം. കെഎസ്ആര്‍ടിസി ബസിനെ മറികടന്ന് മുന്നോട്ട് പോയ ആംബുലന്‍സിന് പെട്ടെന്ന് തീപിടിച്ച് ആളിക്കത്തുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലമുണ്ടായ തീ രോഗിയില്‍ ഘടിപ്പിച്ച ഓക്‌സിജന്‍ സിലണ്ടറിലേക്ക് പടര്‍ന്നാണ് പൊട്ടിത്തെറിയെന്നാണ് നിഗമനം.കല്‍പ്പറ്റ ശാന്തി ഡയാലിസിസ് സെന്റിലെ ആംബുലന്‍സാണ് കത്തിയത്.ഡ്രൈവറും നഴ്‌സും ലക്ഷ്മിയും ജോയ്‌സും പുറത്ത് ചാടിയെങ്കിലും ജെയിംസും അമ്പിളിയും ആംബുലന്‍സില്‍ പെട്ടു. തീപിടിച്ച ആംബുലന്‍സ് തനിയെ മുന്നോട്ട് ഓടി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനിടയില്‍ അമ്പിളിയുടെ കത്തിക്കരിഞ്ഞ മൃതദേഹം റോഡിലേക്ക് തെറിച്ചുവീണു. പൊള്ളലേറ്റവരെ ഉടന്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു.മൂവാറ്റുപുഴയില്‍ നിന്ന് രണ്ട് ഫയര്‍ഫോഴ്‌സ് സംഘവും ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്‍, സിഐ ജയകുമാര്‍, എസ്‌ഐ എ. അനൂപ്, ഷാജു.കെ. ഐസക് എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്തെത്തി തീയണച്ചു. രണ്ട് മൃതദേഹങ്ങളും കത്തിക്കരിഞ്ഞനിലയിലായിരുന്നു.
Leave a Reply