Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗ്ലൂരു : അധ്യാപിക ശിക്ഷിച്ചതിന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു.ബംഗളൂരു വില്‍സണ്‍ ഗാര്‍ഡനിലെ മേരി ഇമ്മാകുലേറ്റ് കോണ്‍വെന്റ്, പ്രൈമറി ആന്‍ഡ് ഹൈസ്ക്കൂളിലേ ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച ഇവര്‍ സ്കൂളില്‍ ഹോളി ആഘോഷം നടത്തിയിരുന്നു. ഇതിന് ചൊവ്വാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാളിന്റെ ഓഫീസിന് പുറത്തുനിര്‍ത്തി ശിക്ഷിച്ചിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടികള്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ ഹോളി ആഘോഷിച്ചതിന്റെ പേരില്‍ പ്രിയങ്കയേയും സൊണാലിയേയും ഉള്‍പ്പെടെ ഏഴ് കുട്ടികളെ ഇന്നലെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയിരുന്നു.ഇതിനുപുറമെ പഠനത്തില്‍ ശ്രദ്ധിക്കാത്ത പക്ഷം അവസാനഘട്ട പരീക്ഷയെഴുതാന്‍ സമ്മതിക്കില്ലെന്ന് അധ്യാപിക ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് പ്രിയങ്കയും സൊണാലിയും സ്‌കൂളിന് പുറത്ത് കടന്ന് ബസില്‍ കയറി തൊട്ടടുത്തുള്ള സാങ്കി ടാങ്ക് കുളക്കരയിലെത്തി ബാഗും ഷൂവും ഊരി വച്ചശേഷം കൈകള്‍ പരസ്പരം കെട്ടി കുളത്തിലേക്ക് ചാടി. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളില്‍ ഒരാളുടെ ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ അധ്യാപികമാരായ ഫിലോമിന ഇമ്മാനുവലും മരിയ ലെയ്‌നയും കഴിഞ്ഞ കുറെ നാളുകളായി മോശം മാര്‍ക്ക് കിട്ടിയതില്‍ വഴക്കുപറയാറുണ്ടായിരുന്നെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ കുട്ടികളെ കാണാനില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നു. പ്രിയങ്ക മഡിവാള താവരക്കരെ സ്വദേശിയും സോണാലി ജയനഗര്‍ സ്വദേശിയുമാണ്. ഇന്നലെ വൈകീട്ടാണ് മൃതദേഹങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയത്. സദാശിവ നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂളിന് മുന്നില്‍ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികമാരായ ഫിലോമിനയേയും മരിയയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Leave a Reply