Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൗണ്ട് മൗഗ്‌നൂയി: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മന്‍ജോത് കല്‍റയും (102 പന്തില്‍ 101 റണ്‍സ്) ഒപ്പം പിന്തുണയുമായി നിന്ന ഹാര്‍വിക് ദേശായിയുമാണ് (61 പന്തില്‍ 47) ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
217 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ വെറും രണ്ടു വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 47.2 ഓവറില്‍ 216, ഇന്ത്യ 38.5 ഓവറില്‍ 220. 67 പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ വിജയം.
ഇതോടെ അണ്ടര്‍-19 ലോകകപ്പില്‍ നാലു കിരീടം നേടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. നേരത്തെ മുഹമ്മദ് കൈഫ്, വിരാട് കോഹ്‌ലി, ഉന്മുക്ത് ചന്ദ് എന്നിവരുടെ നായയകത്വത്തിലാണ് ഇന്ത്യ ഇതിന് മുമ്പ് കിരീടം നേടിയത്. ഓസ്‌ട്രേലിയ മൂന്നുതവണ ചാംപ്യന്‍മാരായിട്ടുണ്ട്
2016ലും രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും വിന്‍ഡീസിന് മുന്നില്‍ അടിപതറുകയായിരുന്നു. ഇത്തവണ ആ തെറ്റില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അച്ചടക്കത്തോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്.
ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കല്‍റയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിന് തന്റെ ഫോം തുടരാനായില്ല. ഉപ്പലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ശുഭ്മാന്‍ ഗില്‍ 31 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. പിന്നീടാണ് വിക്കറ്റ്കീപ്പര്‍ ഹാര്‍വിക് ദേശായിയെ കൂട്ടുപിടിച്ച് മന്‍ജോത് കല്‍റ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്.
ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ 100 റണ്‍സിനു തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റിലുടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും തകര്‍പ്പന്‍ ഫോമിലായിരുന്നു ടീം ഇന്ത്യ.
Leave a Reply