Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കറന്‍സിനോട്ടുകളില്‍നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രം നീക്കി ഛത്രപജി ശിവജി, മഹാറാണാ പ്രതാപ്, ബി.ആര്‍. അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. ഇക്കാര്യം കഴിഞ്ഞ ദിവസം ഹിന്ദുമഹാസഭ വര്‍ക്കിങ് പ്രസിഡന്റ് കമലേഷ് തിവാരി മാധ്യമങ്ങള്‍ക്കു മുമ്പാകെ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കു കത്തയച്ചത്.1987ല്‍ 500 രൂപ നോട്ട് പുറത്തിറക്കിയപ്പോഴാണ് ആദ്യമായി ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയത്. അതുവരെ അശോകസ്തംഭമായിരുന്നു നോട്ടിലുണ്ടായിരുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ കറന്‍സിയിലും ഇപ്പോള്‍ ഗാന്ധിജിയുടെ ചിത്രമുണ്ട്. വിവിധ തുറകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ആളുകളെ നിര്‍ദ്ദേശിക്കാനാണ് കേന്ദ്രബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ രാഷ്ട്രീയപാര്‍ട്ടികളും മത, വര്‍ഗ്ഗ വിഭാഗങ്ങളും ആവശ്യങ്ങളുമായി രംഗത്തിറങ്ങിയാല്‍ ഇപ്പോള്‍ പോസ്റ്റല്‍ സ്റ്റാംപ് ഇറക്കുന്നതുപോലെ നോട്ടും ഇറക്കേണ്ടി വരും. സര്‍വകലാശാലകളിലും കോളേജുകളിലും സ്‌കൂളുകളിലും മഹാത്മജിയെ രാഷ്ട്രപിതാവെന്നു പഠിപ്പിക്കുന്നത് നിര്‍ത്തണമെന്നാണ് ഹിന്ദുമഹാസഭയുടെ മറ്റൊരു ആവശ്യം. സര്‍ക്കാര്‍ രേഖകളിലൊന്നും ഗാന്ധിജി രാഷ്ട്രപിതാവാണെന്ന് ഔദ്യോഗികവിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ഹിന്ദുമഹാസഭ ചൂണ്ടിക്കാട്ടി. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ രാജ്യത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണിപ്പോള്‍ ഹിന്ദുമഹാസഭ.
Leave a Reply