Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 27, 2024 3:03 pm

Menu

Published on February 8, 2019 at 11:03 am

ഇന്നേക്ക് ആലപ്പാട് ജനകീയ സമരം 100 ദിവസം തികയുന്നു..

100-days-of-agitation-alappad-strike-continues

ആലപ്പാട്: കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്ത് നടത്തുന്ന കരിമണല്‍ ഘനനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തുന്ന സമരത്തിന് വെള്ളിയാഴ്ച 100 ദിവസം തികയുന്നു. കണ്ടുകണ്ടിരിക്കെ ഓരോദിവസവും കടൽ വിഴുങ്ങുകയാണ് ആലപ്പാട് ഗ്രാമത്തെ. അൻപതുവർഷത്തോളമായി നടക്കുന്ന നിരന്തര ധാതുമണൽ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്തമാണ് ജനതയും ഗ്രാമവും നേരിടുന്നത്. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയിൽ ഏറെ നേർത്തുപോയിരിക്കുന്നു കൊല്ലം ജില്ലയിലെ ഈ തീരദേശ പഞ്ചായത്ത്.

ഉണരുമ്പോൾ കിടപ്പാടം അവശേഷിക്കുമോ എന്ന ഭീതിയിൽ ഗ്രാമവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. അയ്യായിരത്തോളം കുടുംബങ്ങൾ പ്രദേശം വിട്ടുപോയി. കാർഷികസമൃദ്ധിയും മത്സ്യസമ്പത്തും പഴങ്കഥയായ ആലപ്പാട് ഗ്രാമം അതിജീവനത്തിനായുള്ള അന്തിമസമരത്തിലാണ്. നിയമസഭയുടെ പരിസ്ഥിതി സമിതിയടക്കം ചൂണ്ടിക്കാട്ടിയിട്ടും നിസ്സഹായരായ ജനതയുടെ വിലാപം ആരും കേട്ടമട്ടില്ല. ജലസ്രോതസ്സുകളും തണ്ണീർത്തടങ്ങളും കൊയ്ത്തുപാടങ്ങളും നിറഞ്ഞതായിരുന്നു പശ്ചിമതീരത്തെ ആലപ്പാട്. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കുമിടയ്ക്ക് തെക്ക് വെള്ളനാതുരുത്തുമുതൽ വടക്ക് അഴീക്കൽവരെ 17 കിലോമീറ്ററാണ് നീളം. മൂന്നുമുതൽ അഞ്ച് കിലോമീറ്റർവരെ വീതിയുണ്ടായിരുന്ന തീരം ഇപ്പോൾ ഇരുപതുമുതൽ മുന്നൂറു മീറ്റർവരെയായി ചുരുങ്ങി.

ശുദ്ധജലത്തിന് സ്വയംപര്യാപ്തമായിരുന്നു ഇവിടം. ഇപ്പോൾ ഒരു തുള്ളി ശുദ്ധജലം കിട്ടാനില്ല. 1965 മുതൽ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ റെയർ എർത്‌സ് ലിമിറ്റഡാണ് (ഐ.ആർ.ഇ.) ഇവിടെ കരിമണൽ ഖനനം നടത്തുന്നത്. 1955-ലെ സർവേയിൽ 89.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഭൂപ്രദേശം ഇപ്പോൾ 7.5 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. മൂന്നരക്കിലോമീറ്റർ വീതിയുണ്ടായിരുന്ന ഖനനപ്രദേശമായ വെള്ളനാതുരുത്തിൽ ഇപ്പോൾ കടലും കായലും ഒന്നിക്കാൻ ഇരുപതുമീറ്റർ അകലം മാത്രമാണ് അവശേഷിക്കുന്നത്. ഇരുപതിനായിരം ഏക്കറോളം ഭൂമി കടലിലായി. 6500 കുടുംബങ്ങളാണ് ഇവിടെ അവശേഷിക്കുന്നത്. വെള്ളനാതുരുത്ത് വാർഡിലെ 82 ഏക്കറിലാണ് ഇപ്പോൾ ഐ.ആർ.ഇ. ഖനനം നടത്തുന്നത്. മറ്റ് വാർഡുകളിലും ഐ.ആർ.ഇ. സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്.

സുനാമി ഏറ്റവുമധികം ബാധിച്ചത് ഈ തീരത്തെയായിരുന്നു. കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ ഗ്രാമത്തിന്റെയും ജനതയുടെയും നിലനിൽപ്പിനായി ജനകീയസമിതി രൂപവത്കരിച്ച് ചെറിയഴീക്കലിൽ സത്യാഗ്രഹം ആരംഭിച്ചു. ‘സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ്’ എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച സമരം 100 ദിവസം പിന്നിട്ടു.

ഖനനം തുടർന്നാൽ ദേശീയ ജലപാത ഇല്ലാതാവുകയും ഓണാട്ടുകരമുതൽ അപ്പർകുട്ടനാട് വരെയുള്ള കാർഷിക, ജനവാസ മേഖലയിലേക്ക് കടൽവെള്ളം ഇരച്ചുകയറുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ ഖനനപ്രദേശത്ത് ഐ.ആർ.ഇ. പാലിക്കുന്നില്ല. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാതെയാണ് ഖനനം നടത്തുന്നത്. നടപടി സ്വീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. നിയമസഭാസമിതി ഇവിടത്തെ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26-ന് ആലപ്പാട്ടെ മുഴുവൻ ജനങ്ങളും സമരപ്പന്തലിലെത്തി സർക്കാർ ഭരണഘടനാബാധ്യത നിറവേറ്റണമെന്ന പ്രഖ്യാപനവും പ്രതിജ്ഞയും നടത്തും.

Loading...

Leave a Reply

Your email address will not be published.

More News