Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:43 pm

Menu

Published on July 18, 2017 at 10:39 am

2011ല്‍ സുനി ലക്ഷ്യമിട്ടതു യുവസംവിധായകന്റെ ഭാര്യയായ നടിയെ; കേസില്‍ ഒരാള്‍ പിടിയില്‍

2011-actress-kidnap-case-one-arrested

കൊച്ചി: പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ മലയാള നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു കൊച്ചിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍.

കോതമംഗലം സ്വദേശി എബിന്‍ എന്നയാളെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുള്‍പ്പെടെ നാലുപേരാണു പ്രതികള്‍. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയാണ് ഈ കേസിലേയും മുഖ്യപ്രതി. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്‍.

നിര്‍മ്മാതാവ് ജോണി സാഗരികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സെന്‍ട്രല്‍ പൊലീസ് ഇന്നലെ വൈകിട്ട് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് അസി. കമ്മീഷ്ണര്‍ കെ. ലാല്‍ജി പറഞ്ഞു. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിലാണു നിര്‍മ്മാതാവിന്റെ ഭാര്യ കുടുങ്ങിയതെന്നാണു വിവരം. 2011ല്‍ നവംബറിലായിരുന്നു സംഭവം.

ജോണി സാഗരിക നിര്‍മ്മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്.

വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മ്മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനുമുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു. ഈ സമയം ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി.

പള്‍സര്‍ സുനി നിര്‍ദേശിച്ച പ്രകാരം നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടലിന്റെ പ്രതിനിധി എന്ന വ്യാജേന സംഘത്തിലൊരാള്‍ ജോണി സാഗരികയെ സമീപിക്കുകയും നടീനടന്‍മാര്‍ക്കു കുറഞ്ഞ നിരക്കില്‍ താമസം ഏര്‍പ്പാടാക്കാമെന്ന വാഗ്ദാനം നല്‍കുകയുമായിരുന്നു. ഇയാള്‍ പ്രതിനിധീകരിക്കുന്ന ഹോട്ടല്‍ മികച്ച ഹോട്ടലായതിനാല്‍ നടിമാരെ ഇവിടെ താമസിപ്പിക്കാന്‍ ജോണി സാഗരിക തീരുമാനിച്ചു.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് നടിമാരെ ഹോട്ടലില്‍ എത്തിച്ചുകൊള്ളാമെന്നായിരുന്നു പ്രതിനിധിയുടെ വാഗ്ദാനം. ഇതനുസരിച്ച് ഡ്രൈവറും മറ്റൊരാളും വാഹനവുമായി സംഭവ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തി. എന്നാല്‍, യുവ നടി എത്തിയില്ല. നിര്‍മാതാവിന്റെ ഭാര്യയായ നടിയും സഹായിയും മാത്രമാണു വന്നത്.

തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തി. സുനിയെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News