Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:42 am

Menu

Published on November 10, 2018 at 9:36 am

66-ാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന്

66th-nehru-trophy-boat-race

ആലപ്പുഴ: പ്രളയം വരുത്തിയ ദുരിതങ്ങള്‍ അതിജീവിച്ച് അവര്‍ ഒരുങ്ങി. മാറ്റിവച്ച 66-ാമത് നെഹ്രുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടയില്‍ നടക്കും. നെഹ്രുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയാണ് ഇത്തവണത്തേത്. 81 ജലരാജാക്കന്മാര്‍ ആണ് ഇക്കുറി നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശനമത്സരത്തില്‍ അഞ്ച് വള്ളങ്ങളും ഉള്‍പ്പെടെ 25 ചുണ്ടന്‍വള്ളങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കും. രാവിലെ 11-മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും.

വള്ളംകളിക്ക് ആവേശംപകരാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും തെലുങ്കുനടന്‍ അല്ലു അര്‍ജുനും എത്തും. ജലോത്സവത്തിന്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കും. മന്ത്രി തോമസ് ഐസക്, മന്ത്രി ജി.സുധാകരന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി വള്ളംകളി കാണുന്നതിന് പ്രത്യേകം ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബയോ ടോയ്ലെറ്റുകളും തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി ഇന്ന് രാവിലെ ഒന്‍പതു മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. രാവിലെ ആറു മുതല്‍ ആലപ്പുഴ നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. അനധികൃതമായി പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കി ഉടമയില്‍നിന്ന് പിഴ ഈടാക്കും.രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ ജില്ലാക്കോടതി വടക്കെ ജങ്ഷന്‍ മുതല്‍ കിഴക്കോട്ട് തത്തംപള്ളി കായല്‍ കുരിശ്ശടി ജങ്ഷന്‍ വരെ വാഹനഗതാഗതം അനുവദിക്കില്ല. കണ്‍ട്രോള്‍ റൂം മുതല്‍ കിഴക്ക് ഫയര്‍ഫോഴ്സ് ഓഫീസ് വരെയുള്ള ഭാഗത്ത് കെ.എസ്.ആര്‍.ടി.സി. ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കില്ല.

വള്ളംകളി കാണാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡിലൂടെ വടക്കു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ കൊമ്മാടിവഴി വന്ന് എസ്.ഡി.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങള്‍ കാര്‍മല്‍, സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്കുചെയ്യണം.

രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെ ഹെവികണ്ടെയ്നര്‍ ടൗണില്‍ പ്രവേശിക്കാന്‍ പാടില്ല. തെക്കുഭാഗത്തുവരുന്ന ഹെവികണ്ടെയ്നര്‍ വാഹനങ്ങള്‍ കളര്‍കോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്ന് വരുന്നവ കൊമ്മാടി ബൈപ്പാസിലും പാര്‍ക്ക് ചെയ്യണം.

Loading...

Leave a Reply

Your email address will not be published.

More News