Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:32 pm

Menu

Published on June 25, 2013 at 10:08 am

ശ്രീനഗറില്‍ ഉണ്ടായ ഭീകരാക്രമണത്തിൽ 8 ജവാന്മാര്‍ കൊല്ലപ്പെട്ടു

8-jawans-killed-19-injured-in-militant-attack-in-srinagar

ശ്രീനഗര്‍::: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെ, ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരപ്രവര്‍ത്തകര്‍ സൈനികവാഹനവ്യൂഹത്തിനുനേരേ നടത്തിയ ശക്തമായ വെടിവെപ്പില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

മൂന്നു ദിവസത്തിനിടെ സുരക്ഷാസേനയ്ക്ക് നേരെ തീവ്രവാദികളുടെ രണ്ടാമത്തെ ആക്രമണമാണിത്. ശനിയാഴ്ച, ശ്രീനഗറിലെ തിരക്കേറിയ കച്ചവടകേന്ദ്രമായ ഹരിസിങ് ഹൈ സ്ട്രീറ്റില്‍ തീവ്രവാദികളുടെ വെടിവയ്പില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. അതേസമയം, പ്രധാനമന്ത്രിയുടെ ദ്വിദിന കശ്മീര്‍ സന്ദര്‍ശനത്തില്‍ മാറ്റംവരുത്തില്ലെന്ന് പ്രധാനമന്ത്രികാര്യാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകര സംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തു.

ശ്രീനഗര്‍ നഗരത്തിനടുത്ത് ഹൈദര്‍പൊരയില്‍ എയര്‍പോര്‍ട്ട് – ലാല്‍ചൗക്ക് റോഡിലെ ബൈപ്പാസില്‍ സ്വകാര്യ ആസ്​പത്രിക്ക് മുന്‍പിലായി തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ സംഘത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് കരുതുന്നു. വടക്കന്‍ കശ്മീരിലെ പന്ത് ചൗക്കില്‍ നിന്ന് തെക്കന്‍ കശ്മീരിലെ ബാരാമുള്ളയിലേക്ക് പോകുകയായിരുന്ന കരസേനാവാഹനങ്ങള്‍ക്കു നേരേയായിരുന്നു ആക്രമണം. റോഡിന്റെ ഇരുവശത്തുനിന്നുമായി ആക്രമണം നടത്തിയ ഭീകരര്‍ 12 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. ’35 രാഷ്ട്രീയ റൈഫിള്‍സി’ലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്.

സേനാംഗങ്ങള്‍ തിരിച്ച് വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് ഒളിയാക്രമണം നടന്ന സ്ഥലത്തുനിന്ന് മോട്ടോര്‍സൈക്കിളില്‍ കടന്ന രണ്ടു തീവ്രവാദികള്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള ബരാമുള്ള ചെക്ക്പോസ്റ്റില്‍ ആക്രമണം നടത്തി. രണ്ടാം ആക്രമണത്തില്‍ രണ്ടു സുരക്ഷാഭടന്മാര്‍ക്ക് വെടിയേറ്റു. ചെക്പോസ്റ്റിലേക്ക് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കാത്തുകിടന്ന കറുത്ത സാന്‍ട്രോകാറില്‍ ഇവര്‍ രക്ഷപ്പെട്ടു. വാഹനവ്യൂഹത്തിനെതിരായ രൂക്ഷമായ വെടിവയ്പിനുശേഷം സമീപത്തുതന്നെ മിനിറ്റുകള്‍ക്കകം വീണ്ടും വെടിശബ്ദം കേട്ടു. തീവ്രവാദികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതായി കരുതുന്ന കാറും മോട്ടോര്‍ സൈക്കിളും പിന്നീട് കണ്ടെത്തി.

കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഇതുപോലുള്ള കൂടുതല്‍ ആക്രമണങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കാമെന്നും ബാലിഗുദ്ദീന്‍ എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. ഭീകരരുടെ വക്താവ് എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്.
ഭീകരാക്രമണത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അപലപിച്ചു. ഭീരുത്വപരമായ ഇത്തരം നടപടികള്‍ ജമ്മു കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സുരക്ഷാസേനയുടെ പരിശ്രമത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News