Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡോക്ടര്‍മാര്‍ വെറും മൂന്ന് മാസം മാത്രം ആയുസ് പറഞ്ഞ 17കാരി മരണക്കിടക്കയില്‍ കുഞ്ഞിനു ജന്മം നല്‍കി. ഭേദപ്പെടുത്താന്‍ അസാധ്യമെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ ബ്രെയിന്‍ ട്യൂമറായിരുന്നു ഡാന സ്‌ക്യാട്ടണ്‍ എന്ന യുവതിക്ക്.
ഗര്‍ഭിണിയായി ഏഴാമത്തെ മാസമാണ് താന്‍ ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഡാനയ്ക്ക് മനസിലാകുന്നത്. ഈ ട്യൂമര്‍ സ്ഥിരീകരിച്ച 90 ശതമാനം രോഗികളും ഒന്നര വര്‍ഷത്തിനപ്പുറം ജീവിക്കില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
ഡാനയുടെ രോഗം കണ്ടെത്താന്‍ ഏറെ വൈകിയിരുന്നു. അതുകൊണ്ടുതന്നെ അതിജീവനസാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാന്‍ തന്നെയായിരുന്നു ഡാനയുടെ തീരുമാനം.
33 ആഴ്ച ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു ഇതിന്റെ ആദ്യപടി. അടിയന്തിര ശസ്ത്രക്രിയയിലൂടെ ജനുവരി നാലിന് ഡാനയുടെ കുഞ്ഞിനെ പുറത്തെടുത്തു. പെണ്‍കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായിരുന്നു. മാസം തികയാതെ പുറത്തെടുത്തതിനാല്‍ കുഞ്ഞ് നിയോനേറ്റല്‍ യുണിറ്റിലാണ്.
എറിസ് മേരി എന്നാണ് അവര്‍ കുഞ്ഞിന് നല്‍കിയ പേര്. എന്നാല്‍ അമ്മയായ സന്തോഷം ആസ്വദിക്കാനോ ആഹ്ലാദിക്കാനോ ഡാനയ്ക്ക് സാധിക്കുമായിരുന്നില്ല. കാരണം ആഴ്ചയില്‍ അഞ്ചു വീതമാണ് റേഡിയേഷന്‍ തെറാപ്പി. ഇതുകൊണ്ട് അവളുടെ ആയുസ്സ് ആറു മാസത്തേക്കെങ്കിലും നീട്ടാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
ശ്വസിക്കാനും ആഹാരം കഴിക്കാനുമെല്ലാം ഇപ്പോള്‍ കടുത്ത പ്രയാസമാണ് ഡാന അനുഭവിക്കുന്നത്. എങ്കിലും രോഗം പിടിപെട്ടതിനു പിന്നാലെ ഇടതുകാലിനും കൈയ്ക്കും നഷ്ടമായ സ്വാധീനം റേഡിയേഷന്‍ ആരംഭിച്ചതോടെ വീണ്ടുകിട്ടിയിട്ടുണ്ട്.
രോഗത്തെക്കുറിച്ച് അറിഞ്ഞയുടന്‍ കുഞ്ഞിനെ കുറിച്ചാണ് ഡാന ഏറെ ആശങ്കപ്പെട്ടതെന്ന് അമ്മ ലിയോണ്‍ പറയുന്നു. റേഡിയേഷന്‍ ചികിത്സ കുഞ്ഞിനു ഹാനികരമാകുമോ എന്നായിരുന്നു ഭയം. അമ്മയ്ക്ക് ഉണ്ടായ ക്യാന്‍സര്‍ കുഞ്ഞിനെ ബാധിക്കില്ലെങ്കിലും അത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണെന്ന് അറിഞ്ഞതോടെയാണ് എത്രയും വേഗം കുഞ്ഞിനെ പുറത്തെടുത്തത്.
ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കു ചെയ്യുന്ന ചികിത്സകള്‍ കുഞ്ഞിന്റെ ആരോഗ്യത്തെയും ബുദ്ധിവളര്‍ച്ചയെയും വരെ ബാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
തലച്ചോറിലെ സെല്ലുകളില്‍ വളരുന്ന ഒരുതരം ക്യാന്‍സറാണ് ഡാനയെ ബാധിച്ചിരിക്കുന്നത്. (Diffuse intrinsic pontine glioma (DIP-G) ) എന്നാണ് വൈദ്യശാസ്ത്രം ഈ ട്യൂമറിനു നല്‍കിയ പേര്. സ്‌പൈനല്‍ കോഡും കഴുത്തും ചേരുന്നിടത്താണ് ഇതു വികസിക്കുന്നത്. ഇവിടെ ശസ്ത്രക്രിയ നടത്തുന്നതും അപകടകരമാണ്. ശ്വസനം, ഹൃദയതാളം, കാഴ്ച, കേള്‍വി, സംസാരം, ചലനം എന്നിവയെ സഹായിക്കുന്ന മസ്സിലുകള്‍ എല്ലാം നിയന്ത്രിക്കുന്നതു ട്യൂമര്‍ ബാധിച്ച ബ്രെയിന്‍ സെല്ലിലാണ്.
ഗര്‍ഭിണിയായിരിക്കെ സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഇടയ്ക്ക് തോന്നിയ ബുദ്ധിമുട്ടുകള്‍ ഗര്‍ഭത്തിന്റെ ആലസ്യങ്ങള്‍ ആകുമെന്നാണ് ഡാന കരുതിയത്. എന്നാല്‍ ഒരിക്കല്‍ സ്‌കൂള്‍ ബസില്‍ കയറാനായി നടക്കുന്നതിനിടെ ഉണ്ടായ അസ്വസ്ഥതകളാണ് ഇക്കാര്യം ഡോക്ടറോടു പറയാന്‍ ഡാനയെ തോന്നിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിലും എംആര്‍ഐ സ്‌കാനിലുമാണ് ട്യൂമര്‍ കണ്ടെത്തിയത്.
തന്റെ ജീവിതത്തില്‍ എന്തെങ്കിലും ഒരു അദ്ഭുതം ഉണ്ടാകുമെന്നും കുഞ്ഞിനൊപ്പം ഒരു നല്ല ജീവിതമുണ്ടാകുമെന്നും ഡാന പ്രതീക്ഷിക്കുന്നു.
Leave a Reply