Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: മഴയുടെ ശക്തി കുറയുകയും ജനവാസമേഖലകളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ സംസ്ഥാനം രണ്ടാം പ്രളയത്തിൽനിന്നു കരകയറിത്തുടങ്ങുന്നു. മഴക്കെടുതി വൻ നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും തിങ്കളാഴ്ചയും തിരച്ചിൽ തുടർന്നു. കവളപ്പാറയിൽനിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. പുത്തുമലയിൽനിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല.

കവളപ്പാറ കോളനിയിലെ സുബ്രഹ്മണ്യന്റെ ഭാര്യ പ്ലാന്തോടൻ സുധ(33), പള്ളത്ത് ശങ്കരൻ(70), പള്ളത്ത് ശിവന്റെ ഭാര്യ രാജി(35), കൊല്ലം സ്വദേശി അലക്സ് മാനുവൽ(55), തിരിച്ചറിയാത്ത രണ്ടു പുരുഷന്മാർ എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച കിട്ടിയത്. ഞായറാഴ്ച അലക്സ് മാനുവലിന്റേതാണെന്നു സംശയിച്ച മൃതദേഹം കവളപ്പാറ എസ്.ടി. കോളനിയിലെ മൂപ്പൻ ചാത്തന്റെ വീട്ടിൽ വിരുന്നുവന്ന ബന്ധു രാധിക(45)യുടേതാണെന്ന് അധികൃതർ പറഞ്ഞു. മണ്ണിനടിയിൽ ഇനിയും 44 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.
മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ കാണാതായ സരോജിനി(50)യുടെ മൃതദേഹവും തിങ്കളാഴ്ച രാവിലെ കണ്ടെടുത്തു. ഇതോടെ നാലുദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 90 ആയി. സർക്കാരിന്റെ കണക്കുപ്രകാരം മരിച്ചവരുടെ എണ്ണം 83 ആണ്. 52 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ദുരന്തമേഖലകളിൽനിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവർ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സർക്കാർ നിർദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. 15 മുതൽ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ പശ്ചിമബംഗാൾ തീരത്തിനടുത്ത് ന്യൂനമർദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമർദം കൂടുതൽ ശക്തിപ്പെടും. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15 മുതൽ മഴ കുറയും. കാറ്റ് ശക്തമാകാൻ ഇടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രതയോടെയിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മഴക്കെടുതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു ഇത്.

വയനാട് പുത്തുമലയിൽ കാണാതായ എട്ടുപേരെക്കൂടി കണ്ടെത്താൻ ചൊവ്വാഴ്ച 600 പേരെ അണിനിരത്തി വൻ തിരച്ചിൽ നടത്തും. ഉരുൾപൊട്ടിയ ചാലിൽ വെള്ളമുള്ളതിനാൽ സന്നദ്ധപ്രവർത്തകർ കൂടി അപകടത്തിലാവുന്ന അവസ്ഥയാണ്. ഇതിനാൽ ചാലിയാറിലേക്ക് വെള്ളം ഒഴുക്കിവിടാൻ ചെറിയൊരു പാലം തകർക്കും.
മഴ കുറഞ്ഞതോടെ ക്യാമ്പുകളുടെ എണ്ണം 1413 ആയി കുറഞ്ഞു. 63,506 കുടുംബങ്ങളിലെ 2.55 ലക്ഷം പേരാണ് ഇപ്പോൾ ക്യാമ്പുകളിലുള്ളത്. പതിനായിരത്തോളം പേർ വീടുകളിലേക്കു മടങ്ങി. പൂർണമായി തകർന്ന വീടുകളുടെ എണ്ണം 838 ആയി. ഭാഗികമായി തകർന്നവ 8718 ആണ്.
Leave a Reply