Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചലച്ചിത്രതാരം ജഗതി ശ്രീകുമാറിന് അഞ്ച് കോടി 90 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഡ്രൈവർ പി.പി. അനില്‍കുമാറിന് ഇന്‍ഷൂറന്‍സ് തുക നിഷേധിച്ചതായി പരാതി. അപകടത്തില്‍ പരുക്കേറ്റ ജഗതിക്ക് 5.9 കോടി രൂപ തിരുവനന്തപുരം ലീഗല്‍ സര്‍വിസ് അഥോറിറ്റി നഷ്ടപരിഹാരം വിധിച്ചിരുന്നു. എന്നാൽ അപകടത്തില്‍ നെഞ്ചിനും കാലിനും പരുക്കേറ്റു രണ്ടു വര്‍ഷത്തോളം ചികിത്സയിലായിരുന്ന അനില്‍കുമാറിന് ഇന്‍ഷുറന്‍സ് തുക നിഷേധിച്ചിരിക്കുകയാണ്. പരുക്കില്‍ നിന്നു മോചിതനായെങ്കിലും വാഹനമോടിക്കുമ്പോള്‍ കടുത്ത വയറുവേദന
അനുഭവപ്പെടുന്നതുകൊണ്ട് ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ് അനിൽ. ചികിത്സയ്ക്കു മാത്രമായി രണ്ട് ലക്ഷത്തോളം രൂപ ചെലവിട്ടു കഴിഞ്ഞു. പത്ത് ലക്ഷത്തോളം രൂപയുടെ കടബാധ്യതയും അനിലിനുണ്ട്. അപകടത്തില്‍ പെട്ട 8 ലക്ഷം രൂപയുടെ ഇന്നോവ കാറിന് ഇന്‍ഷുറന്‍സ് തുകയായി കിട്ടിയത് വെറും രണ്ട് ലക്ഷം രൂപയാണ്. വാഹനത്തിന്റെ ഉടമയും ഡ്രൈവറും ഒരേ ആളായതിനാല്‍ അനിലിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതരുടെ നിലപാട്. ഗുരുതരമായി പരുക്കേറ്റിട്ടും ആരും ഇതുവരെ അനിലിനെ തിരിഞ്ഞു നോക്കിയില്ല. അപകടത്തില്‍ അനിലിന് ശ്വാസകോശം പൊട്ടി ശ്വാസം കിട്ടാതായിരുന്നു.കാല്‍ മുറിഞ്ഞുപോയതിനാല്‍ റാഡ് ഇട്ടു.പിന്നീട് കിടന്ന കിടപ്പില്‍ ഒന്നരവര്‍ഷം. 18 മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അനിലിന് നടക്കാൻ കഴിഞ്ഞത്.ജോലിക്കു പോകാനാകാതെ വന്നതോടെ കടം കൂടി. രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമാണ് അനിൽ. ഇരുപതു ദിവസം കോഴിക്കോട് മിംസ് ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്കുമാത്രം രണ്ടുലക്ഷത്തോളമായി. പിന്നീട് വിവിധ ആശുപത്രികളിലായി 18 മാസത്തോളം ചികിത്സ നടത്തിയപ്പോൾ അനിലിന് ലക്ഷങ്ങളാണ് ചിലവായത്.
–
Leave a Reply