Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:12 pm

Menu

Published on March 9, 2020 at 1:02 pm

കോവിഡ്–19 വൈറസ് ബാധ ; ജാഗ്രത ഇല്ലെങ്കിൽ അതിവേഗം പടരും..പരീക്ഷകൾ മാറ്റില്ല: സ്കൂളുകളിൽ ജാഗ്രത നിര്‍ദേശം

corona-covid-19-guidlines-should-not-be-avoided

തിരുവനന്തപുരം: കോവിഡ്–19 വൈറസ് ബാധ പ്രതിരോധത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ പബ്ലിക് ഹെൽത്ത് നിയമപ്രകാരമാണു നടപടിയെടുക്കുന്നത്. ഇറ്റലിയിൽ നിന്നും വന്ന 3 പേർക്കും അവരുടെ സമ്പർക്കത്തിലൂടെ 2 പേർക്കും വൈറസ് ബാധിച്ചതിനെ തുടർന്നാണു കർശന നടപടിയിലേക്കു നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറ്റലിയിൽ നിന്നെത്തിയ 3 വയസുള്ള കുട്ടിക്കു കൂടി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷനിൽ കഴിയുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് 19 രോഗം ചൈനയില്‍ വ്യാപിച്ച് തുടങ്ങിയപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ഉത്തരവാദിത്തപരമായ പെരുമാറ്റം കാണിക്കുകയും അതേപടി പിന്തുടരുകയും ചെയ്തതിനാല്‍ മൂന്ന് കോവിഡ് 19 രോഗികളില്‍ നിന്ന് ഒരു വ്യാപനവും ഉണ്ടായില്ലെന്ന് മാത്രമല്ല ഈ രോഗികളെല്ലാം രോഗമുക്തി നേടുകയും ചെയ്തു.

രോഗലക്ഷണമില്ലെങ്കില്‍ പോലും സമൂഹത്തില്‍ രോഗം പകരാതിരിക്കാന്‍ ഇത്തരം രാജ്യങ്ങളില്‍ നിന്നും വന്നവരും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ഒരു മാസമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയും ചെയ്തു. അതിന്റെ ഫലമായി രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കഴിഞ്ഞതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്ന കുറച്ച് വ്യക്തികള്‍ വിമാനത്താവളത്തിലോ ഹെല്‍ത്ത് ഡെസ്‌കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വയ്ക്കുകയാണ്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ കുടുംബങ്ങളെ കാണുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഇത് അവരുടെ കുടുംബത്തിനും സമൂഹത്തിനും അങ്ങേയറ്റം ദോഷകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേയാണ് കര്‍ശനമായ നടപടികളെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തന്നെ ആരംഭിക്കും.13 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കോവിഡ് രോഗബാധ പടരുന്നതിനാൽ എല്ലാ സ്കൂളുകള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. പത്തനംതിട്ട ജില്ലയില്‍ പ്രത്യേകം ശ്രദ്ധചെലുത്തും. രോഗലക്ഷണമുള്ളവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. ഐസലേഷനിലുള്ളവര്‍ക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News