Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടൻ ∙ ജുറാസിക് പാർക്ക് പരമ്പരയിലെ നാലാം ചിത്രമായ ജുറാസിക് വേൾഡ് ബോക്സോഫിസ് റെക്കോർഡ് സൃഷ്ടിച്ച് ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 524.1 ദശലക്ഷം ഡോളറാണ് ആഗോളതലത്തിൽ ചിത്രം നേടിയതെന്ന് നിർമാതാക്കളായ യുണിവേഴ്സൽ പിക്ചേഴ്സ് അറിയിച്ചു.
നോർത്ത് അമേരിക്കയിൽ നിന്ന് 208.8 ദശലക്ഷം ഡോളർ നേടിയ ചിത്രം 2012 ൽ അവഞ്ചേഴ്സ് നേടിയ 207.4 ദശലക്ഷം ഡോളറിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. ആദ്യ ആഴ്ചയിൽ ചിത്രം 121 ദശലക്ഷം ഡോളർ നേടാനിടയുണ്ടെന്ന് പ്രവചിച്ച ഹോളിവുഡ് ചലച്ചിത്ര വിദഗ്ധർ പോലും ആഗോളതലത്തിൽ ചിത്രത്തിന്റെ ഗംഭീര സ്വീകാര്യത കണ്ട് അന്തംവിട്ടിരിക്കുകയാണ്. ജുറാസിക് പാർക്ക് എന്ന പേരിൽ സ്റ്റീവൻ സ്പീൽ ബർഗ് സംവിധാനം ചെയ്തു പുറത്തിറക്കിയ ആദ്യ ചിത്രത്തിന്റെ ആരാധകർ മുതൽ പുതുതലമുറ ചലച്ചിത്ര ആരാധകരെ വരെ ചിത്രം ആകർഷിച്ചതായാണ് വിലയിരുത്തൽ.
–
–
ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ, എപ്രിൽ റിലീസായ ഫ്യൂരിയസ് 7, മേയിൽ റിലീസ് ചെയ്ത പിച്ച് പെർഫെക്റ്റ് 2 തുടങ്ങിയ പണം വാരിച്ചിത്രങ്ങൾക്കു പിന്നാലെ ജുറാസിക് വേൾഡിന്റെയും കുതിപ്പ് ഈ ചിത്രങ്ങളുടെയെല്ലാം നിർമാതാക്കളായ യൂണിവേഴ്സൽ പിക്ച്ചേഴ്സിനും പുതിയ റെക്കോർഡിന് അവസരമൊരുക്കി. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ഡോളർ നോർത്ത് അമേരിക്കയിലെ ബോക്സോഫിസിൽ നേടിയ നിർമാണക്കമ്പനിയെന്ന നേട്ടമാണ് യൂണിവേഴ്സൽ പിക്ച്ചേഴ്സിനു ലഭിച്ചത്. ആഗോളതലത്തിൽ ഇക്കാലയളവിൽ 300 കോടി ഡോളർ നേടിയ ആദ്യ നിർമാണക്കമ്പനിയെന്ന ഖ്യാതിയും ഇതോടൊപ്പമുണ്ട്. റിലീസായ 66 രാജ്യങ്ങളിൽ കലക്ഷനിൽ ഏറ്റവും മുന്നിലെത്തിയ ചിത്രമെന്ന നേട്ടവും ജുറാസിക് വേൾഡിനു ലഭിച്ചു.
Leave a Reply