Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: മാലിന്യത്തില്‍ നിന്ന് ആദിവാസിക്കുട്ടികള്‍ ഭക്ഷണം വാരിക്കഴിച്ച സംഭവത്തില്‍ ബ്ലോഗ് എഴുതിയ സൂപ്പര്‍താരം മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ആദിവാസി ബാലന്മാര്ക്ക് വേണ്ടി ബ്ലോഗില്‍കൂടി കണ്ണീരൊഴുക്കിയ മോഹന്‍ലാല്‍ തന്റെ ഒപ്പം അഭിനയിച്ച മണി എന്ന ആദിവാസി ബാലനെ മറന്നുവെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം മണി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും മണി കരസ്ഥമാക്കി. എന്നാല്‍ പിന്നീട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച മണി കൂലിപ്പണിയിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് മണി.
ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന് ശേഷം മണിയുടെ കഷ്ടപ്പാടുകള്‍ പല തവണ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. തന്റെ ബ്ലോഗ് പോസ്റ്റില്‍ ആദിവാസികള്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം വിവരിച്ച ഭാഗത്ത് പോലും മോഹന്‍ലാല്‍ മണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ‘കാലാപാനി’ ‘ഉയരും ഞാന്‍ നാടാകെ’ തുടങ്ങിയ ചിത്രങ്ങളില്‍ ആദിവാസികള്‍ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മകളാണ് അദ്ദേഹം പങ്കുവച്ചത്. മാത്രമല്ല, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആദിവാസിക്കുട്ടികളുടെ ദുരനുഭവത്തില്‍ പരിതപിച്ച് ബ്ലോഗ് എഴുതുന്നതിനപ്പുറം മോഹന്‍ലാല്‍ എന്തു ചെയ്തുവെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Leave a Reply