Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാഗവല്ലിയുടെ ശബ്ദത്തിനുടമ ഭാഗ്യലക്ഷ്മി അല്ലെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഫാസില്‍.മനോരമ വാരികയിലെ ഓര്‍മപ്പൂക്കള്‍ എന്ന പക്തിയിലാണ് ഫാസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്.നാഗവല്ലിക്ക് ശബ്ദമേകിയത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണെന്ന് ഫാസില്‍ വെളിപ്പെടുത്തി.മണിച്ചിത്രത്താഴില്‍ നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ആരെന്നതില്‍ വലിയ ആശക്കുഴപ്പം പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. നാഗവല്ലിയുടെ ശബ്ദവും ഭാഗ്യലക്ഷ്മിയുടേതാണെന്നായിരുന്നു വര്‍ഷങ്ങളായി കേട്ടിരുന്നത്. ചിലര്‍ തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ് ഈ ഭാഗം ഡബ്ബ് ചെയ്‌തെന്ന വാദവുമായി എത്തിയെങ്കിലും സംവിധായകന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിരുന്നില്ല.
ശോഭനയക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. വിടമാട്ടേന്‍ എന്ന് തുടങ്ങുന്ന നാഗവല്ലിയുടെ സംഭാഷണം മിമിക്രി വേദികളില്‍ ഉള്‍പ്പെടെ രൂപമാറ്റത്തോടെ പുനര്‍ജനിക്കുകയും ചെയ്തു. ഗംഗക്കൊപ്പം നാഗവല്ലിക്കും ശബ്ദമേകിയത് ഭാഗ്യലക്ഷ്മിയാണെന്നായിരുന്നു 23 വര്‍ഷത്തോളമായി.ആസ്വാദകരും വിശ്വസിച്ചിരുന്നത്. മണിച്ചിത്രത്താഴിലെ ഡബ്ബിംഗ് കൂടിയാണ് ശോഭനയുടെ മികച്ച പ്രകടനത്തിലെത്തിച്ചത് എന്ന വാദവും ഉണ്ടായിരുന്നു.
ഫാസില്‍ പറയുന്നത് ഇങ്ങനെ….
ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ തമിഴ് ഡയലോഗും ആദ്യം ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി ഡബ്ബ് ചെയ്തത്. പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം,തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി. ഏറെക്കാലം ഭാഗ്യലക്ഷ്മി ധരിച്ചുവച്ചിരുന്നത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്ത് എന്നാണ്.
ഫാസിലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് എഫ് എം ചാനലായ റേഡിയോ മാംഗോയിലൂടെ ദുര്‍ഗ തന്റെ ആഹ്ലാദവും അറിയിച്ചു. ഇത്രയും വര്‍ഷം ഇക്കാര്യത്തില്‍ താന്‍ നിരാശയായിരുന്നു. സംവിധായകന്‍ തന്നെ അംഗീകരിച്ച് രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ദുര്‍ഗ പറയുന്നു.