Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: കലാഭവന്‍ മണിയെ കൊന്നതുതന്നെയാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍.മാസങ്ങളായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു മണിയുടേതെന്നും രാമകൃഷ്ണന്‍ പറയുന്നു.മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
അന്വേഷണം ശക്തമായി നടന്നിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസവും ഞാന്‍ ഡിവൈഎസ്പിയെ വിളിച്ചിരുന്നു ഒന്നുമായിട്ടില്ലെന്നും പരിശോധനാഫലം വരട്ടെ എന്നുമാണ് പറഞ്ഞത്.ഹൈദരാബാദില്‍ നിന്നുള്ള ഫോറന്‍സിക് ഫലമാണ് വരാനുള്ളത്. വിഷാംശത്തിന്റെ അംശവും അളവും അറിയേണ്ടതിനാണ്. ഇലക്ഷന്‍ ആയതിന്റെ പേരില്‍ റിസല്‍ട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് മറച്ചുവയ്ക്കുന്നതാണോ എന്നും സംശയമുണ്ടെന്ന് സഹോദരന്‍ പറയുന്നു.
ഇതൊരു സ്വാഭാവിക മരണമാണെന്ന് ഞാനോ കുടുംബാംഗങ്ങളോ വിശ്വസിക്കുന്നില്ല. അന്വേഷണ സംഘം ഇതുവരെ വ്യക്തമായ ധാരണങ്ങള്‍ എനിക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയിട്ടില്ല.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം അകത്ത് ചെന്നാണ് മരിച്ചതെന്നാണ് ഉള്ളത്. എന്റെ ചേട്ടന്‍ ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ ഒരു സാധ്യതയുമില്ല.മരിക്കുന്നതിന് ദിവസങ്ങള്‍ക്കും മുമ്പും ഊര്‍ജ്ജസ്വലനായിരുന്നു ചേട്ടന്‍. പാഡിയില്‍ വീട് പണിയാനും നാല് കെട്ട് പോലെ ഒരു വീടിനും പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടായിരുന്നു. പിറ്റേന്നാള്‍ കുന്ദംകുളത്ത് ഒരു പ്രോഗ്രാമില്‍ പങ്കെടുക്കേണ്ടതായിരുന്നു. അതിന്റെ തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ജാഫറും സാബുവുമൊക്കെ വന്ന് പാഡിയില്‍ വലിയ കമ്പനി കൂടല്‍ ഉണ്ടായത്. എനിക്ക് നേരത്തെ മുതല്‍ സംശയമുണ്ടായിരുന്നു, ചേട്ടനെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് നയിക്കുന്ന ഒരു പരിപാടിയാണ് നേരത്തെ മുതല്‍ പാഡിയില്‍ നടക്കുന്നുണ്ടായിരുന്നത്. പാഡിയോട് ചേര്‍ന്ന് രണ്ടേക്കര്‍ പറമ്പുണ്ടായിരുന്നു. ആ പറമ്പ് വാങ്ങാന്‍ ചേട്ടന്‍ തീരുമാനിച്ചിരുന്നു. ആ പറമ്പ് കൂടി വാങ്ങിയിട്ട് വേണം ഒരു നാല്‌കെട്ട് പണിയാന്‍ എന്നായിരുന്നു ആഗ്രഹം. അങ്ങനെ പറമ്പ് വാങ്ങാനും നാലുകെട്ടിനും വേണ്ടി ചേട്ടന്‍ ചിലര്‍ക്ക് കടം കൊടുത്ത ലക്ഷണക്കണക്കിന് രൂപ തിരിച്ചുവാങ്ങാന്‍ തുടങ്ങിയിരുന്നു. ആ കടങ്ങളെല്ലാം കൂട്ടിയാല്‍ കോടികള്‍ വരും. ചാലക്കുടിയില്‍ വേറെ കുറച്ച് സ്ഥലം വാങ്ങിയിട്ടുണ്ടായിരുന്നു. അവിടെ ജെന്റ്‌സ് ഹോസ്റ്റലിന്റെ പണി തുടങ്ങിയിരുന്നു. ഈ സമയത്ത് കൊടുത്ത പൈസ പലരോടും തിരിച്ചുചോദിച്ചപ്പോള്‍ അവരില്‍ പലര്‍ക്കും വൈരാഗ്യമുണ്ടായിട്ടുണണ്ടാകും. അങ്ങനെയാണ് അദ്ദേഹത്തോട് ചിലര്‍ക്ക് ശത്രുത ഉണ്ടായിട്ടുണ്ടാവുക. കൊടുക്കാന്‍ പറ്റില്ലെന്ന് കരുതിയ ആരെങ്കില്‍ ബോധപൂര്‍വ്വം ചെയ്ത കൃത്യമാണോ എന്നും സംശയമുണ്ട്. കാരണം എനിക്ക് കുറേ മുമ്പേ തന്നെ ചില സംശയങ്ങളുണ്ടായിരുന്നു. കാരണം കരള്‍ രോഗിയായ ചേട്ടന് മരുന്ന് കൊടുക്കുന്ന ആളുകള്‍ തന്നെയാണ് മദ്യവും നല്‍കിയിരുന്നത്. മനപ്പൂര്‍വ്വം ചേട്ടനെ കൊലയിലേക്ക് നയിക്കുന്ന കാര്യവുമാണ് അത്. ബിയര്‍ മാത്രമാണ് ചേട്ടന്‍ കഴിച്ചോണ്ടിരുന്നത്. അദ്ദേഹം രോഗത്തെ തുടര്‍ന്ന് അതും നിര്‍ത്തിയിരുന്നതാണ്,രാമകൃഷ്ണന്‍ പറഞ്ഞു.
അന്ന് രാവിലെ ആറ് മണി മുതല്‍ രക്തം ചര്‍ദ്ദിച്ചപ്പോള്‍ വൈകിട്ട് അഞ്ച് മണിക്ക് മാത്രമാണ് ആശുപത്രിയില്‍ എത്തിച്ചത്. വിഷാംശം ശരീരത്തിലേക്ക് മുഴുവനായി വ്യാപിച്ചു.സ്‌ലോ പോയിസണ്‍ പോലെ എന്തെങ്കിലുമായിരിക്കും. അങ്ങനെ മാസങ്ങളായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകം തന്നെയായിരിക്കും ഇത്.പരിശോധനാ ഫലവും പോലീസ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്ത് തന്നെ ആയാലും ചേട്ടന്റെ മരണത്തിന് ഉത്തരവാദിയെ കണ്ടെത്തുംവരെ ഞങ്ങള്‍ പോരാടും. ചില സംഘടനകള്‍ ഇതിനോടകം കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. അവര്‍ക്കൊപ്പം കക്ഷി ചേരണമോ എന്നും അന്വേഷണ ഫലം വന്നതിന് ശേഷം ആലോചിക്കുമെന്നും സഹോദരന്‍ പറഞ്ഞു.
Leave a Reply