Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുരൂഹത ബാക്കിയാക്കി വെള്ളിത്തിരയില്‍ നിന്ന അപ്രത്യക്ഷരായ താരങ്ങള്‍ ഏറെയാണ്. ഒരു ക്രൈ സിനിമയെ വെല്ലുന്ന സംഘര്‍ഷങ്ങളും ദുരൂഹതയും നിറഞ്ഞ ഒട്ടേറെ മരണങ്ങള്‍ക്ക് മലയാള സിനിമാലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ജയന്
അപ്രതീക്ഷിതവും ദുരൂഹവുമായിരുന്നു മലയാളം കണ്ട ആദ്യ ആക്ഷന്‍ ഹീറോ ജയന്റെ മരണം. വില്ലന്‍വേഷങ്ങളിലൂടെ തുടങ്ങിയ ജയന് ശരപഞ്ജരത്തില്‍ നായകനായി. അങ്ങാടിയാണ് ജയനെ ജനകീയനാക്കിയത്. സാഹസികരംഗങ്ങള്‍, ഡ്യൂപ്പുകളെ ഒഴിവാക്കി സ്വയം അവതരിപ്പിക്കാനായിരുന്നു ജയനിഷ്ടം. അതിരുകടന്ന സാഹസികത തന്നെ ജയന്റെ ജീവനെടുത്തു. കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന്റെ മരണം. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടം സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചു. ജയനൊപ്പം ഹെലികോപ്ടറിലുണ്ടായിരുന്ന ബാലന് കെ നായരും പൈലറ്റും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടത് മരണത്തില്‍ ഗൂഡാലോചനയുണ്ടെന്ന ആരോപണമുയരാനിടയാക്കി.

റാണി ചന്ദ്ര
70കളിലെ മലയാളസിനിമയിലെ നിറസാന്നിധ്യം. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് റാണി ചന്ദ്രക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. അഞ്ചു സുന്ദരികളാണ് ആദ്യചിത്രം. സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ്് ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സ്വപ്നാടനത്തിലെ പ്രകടനത്തിന് റാണി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി. 1976 സെപ്തംബറില്‍ നൃത്തപരിപാടി കഴിഞ്ഞ് മടങ്ങവെ , വിമാനാപകടത്തില്‍ റാണി ചന്ദ്ര കൊല്ലപ്പെട്ടു. ഒപ്പം അമ്മയും മൂന്ന് അനുജത്തിമാരും. പാതിവഴിയിലെത്തിയ ഭദ്രകാളി എന്ന ചിത്രം റാണിയുടെ മുഖസാമ്യമുള്ള നടിയെ വെച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

ശോഭ
ഒരു ശലഭത്തിന്റെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ നക്ഷത്രക്കണ്ണുകളുള്ള ഈ സുന്ദരിക്ക്്. ഒട്ടേറെ ദിരൂഹതകള് ബാക്കി നിര്‍ത്തിയായിരുന്നു ശോഭയുടെ ആത്മഹത്യ. സംവിധായകന് ബാലു മഹേന്ദ്രയുമായുള്ള പ്രണയവും വിവാഹവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണ് ശോഭയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
മലയാളം അന്നുവരെ കണ്ട നായികാസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയായിരുന്നു ശോഭയുടെ രംഗപ്രവേശം. ശാലിനി എന്റെ കൂട്ടുകാരിയാണ് ശോഭയെ മലയാളികളുടെ ഇഷ്ടതാരമാക്കിയത്. ശോഭയുടെ മരണത്തെ ആസ്പദമാക്കിയാണ് കെ ജി ജോര്‍ജ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്ന ചത്രമെടുത്തത്.

റാണി പദ്മിനി
80കളിലെ ഗ്ലാമര്‍ സുന്ദരി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ലളിത-പദ്മിനി-രാഗിണിമാരില്‍ ഒരാള്‍. മലയാളം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 250ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1986ല്‍ റാണി പദ്മിനിയെയും അമ്മയെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ഞെട്ടലോടെയാണ് സിനിമാലോകം റാണി പദ്മിനിയുടെ മരണവാര്‍ത്ത കേട്ടത്.

വിജയശ്രീ
മലയാളികളുടെ മര്ലിന് മണ്‍റോ. എഴുപതുകളിലെ സൗന്ദര്യധാമം. നടുക്കത്തോടെയാണ് വിജയശ്രീയുടെ മരണവാര്‍ത്ത മലയാളികള്‍ കേട്ടത്. 21ാം വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് നടിയുടെ മരണം.
നടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നിന്നും വ്യക്തമല്ല. പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്റെ ഷൂ്ട്ടിങ് വേളയിലുണ്ടായ ദുരനുഭവങ്ങളാണ് വിജശ്രീയുടെ മരണത്തിലേക്ക്് നയിച്ചതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ നായിക എന്ന ചിത്രത്തിലൂടെ വിജയശ്രീയുടെ മരണം കൊലപാതകമാണന്ന് സ്ഥാപിക്കാന്‍ സംവിധായകന് ജയരാജ് ശ്രമിച്ചു. നടിയെ ബ്ലാക്മെയില്‍ ചെയ്യുന്ന നിര്‍മാതാവ് ഒടുവില്‍ ലിപ്സ്റ്റിക്കില്‍ വിഷം തേച്ച് കൊലപ്പെടുത്തുന്നതായാണ് ജയരാജ് സിനിമയില്‍ അവതരിപ്പിച്ചത്.

സില്‍ക്ക് സ്മിത
മലയാളത്തിന്റെ മാത്രമല്ല, തെന്നിന്ത്യയുടെയാകെ ഹരമായിരിക്കെയാണ് ഗ്ലാമര്‍ സുന്ദരി സില്‍ക് സ്മിത ജീവിതം അവസാനിപ്പിക്കുന്നത്. 1996ല്‍ 35ാം വയസ്സിലാണ് സ്മിതയുടെ ആത്മഹത്യ. ചെന്നൈയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ അംശം കണ്ടെത്തിയത് കുറച്ചുകാലം ദുരൂഹതയുണര്‍ത്തിയിരുന്നു.
2011ല്‍ സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലാന് ലുത്റിയ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രമെടുത്തിരുന്നു.

മയൂരി
വളരെ കുറച്ച് ചിത്രങ്ങളിലെ അഭിനയിച്ചിട്ടൂള്ളൂ എങ്കിലും തെന്നിന്ത്യയില്‍ ശ്രദ്ധേയയായിരുന്നു മയൂരി. വശ്യമായ സൗന്ദര്യം മയൂരിയെ വ്യത്യസ്തയാക്കി.
2005ല്‍ 25 വയസ്സ് മാത്രമുള്ളപ്പോഴാണ് മയൂരി ആത്മഹത്യ ചെയ്യുന്നത്. ജീവിക്കാന്‍ കാരണങ്ങളില്ലാത്തതിനാല്‍ മരിക്കുന്നു എന്ന് മയൂരി കുറിച്ചു. പ്രണയനൈരാശ്യവും സിനിമയിലെ തിരിച്ചടികളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.

ശ്രീനാഥ്
ശാലിനി എന്റെ കൂട്ടുകാരിയിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് വന്ന ശ്രീനാഥ് കൂടുതലും വില്ലന്‍ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. നായകനായി തിളങ്ങാന്‍ കഴിയാതെ പോയതോടെ ചെറിയ വേഷങ്ങളിലൊതുങ്ങി. പിന്നീട് ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായി. ഇതിനിടയില്‍ നടി ശാന്തികൃഷ്ണയെ വിവാഹം കഴിച്ചുവെങ്കിലും 11 വര്‍ഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. പിന്നീട് കൊല്ലം സ്വദേശി ലതയെ ശ്രീനാഥ് വിവാഹം കഴിച്ചു. മോഹന്‍ലാല്‍ നായകനായ ശിക്കാറില്‍ നല്ലൊരു കഥാപാത്രം തേടിയെത്തിയപ്പോള്‍ ശ്രീനാഥ് സുഹൃത്തുക്കളോട് പറഞ്ഞു, ഞാന്‍ ഒരു റീ എന്ട്രീ നടത്തുകയാണെന്ന്. പക്ഷേ ഷൂട്ടിങ്ങിനിടയില്‍ കോതമംഗലത്തെ ഒരു ഹോട്ടലില്‍ കൈയിലെ ഞരമ്പു മുറിച്ച് ശ്രീനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സന്തോഷ് ജോഗി
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം രാജമാണിക്യത്തിലൂടെയാണ് ഗായകന് കൂടിയായ സന്തോഷ് ജോഗി അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഏകദേശം 30ഓളം ചിത്രങ്ങളില്‍ സന്തോഷ് അഭിനയിച്ചു. മായാവിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് സന്തോഷ് ശ്രദ്ധിക്കപ്പെടുന്നത്. 2010ല്‍ തൃശൂരിലെ സുഹൃത്തിന്റെ ഫ്ലാറ്റില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസ് ഭാഷ്യം.

കലാഭവന്‍ മണി
മലയാളസിനിമയിലെ ഒടുവിലെ ദുരൂഹമരണം. കരള്‍രോഗമാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമികനിഗമനമെങ്കിലും ദുരൂഹതയാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തുവന്നതോടെ വിവാദമായി. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. മണിയുടെ മരണത്തിലെ ദുരൂഹത ഇപ്പോഴും ചുരുളഴിയാതെ നിലനില്ക്കുന്നു.
ഹാസ്യകഥാപാത്രമായി സിനിമയിലെത്തി അതിനെല്ലാമപ്പുറത്ത് സാധാരണക്കാരില്‍ സാധാരണക്കാരനായി മലയാളികളിലേക്ക് ഇറങ്ങിച്ചന്നിടത്താണ് മണി വ്യത്യസ്തനായത്. നിനച്ചിരിക്കാത്ത നേരത്തെ മണിയുടെ മരണവാര്‍ത്ത കേട്ട് കരയാത്ത മലയാളികളുണ്ടാകില്ല.

Leave a Reply