Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: താരാരാധന ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയോടുള്ള ആരാധന മൂത്ത ഒരു പ്രേക്ഷകന്റെ പ്രവൃത്തിയില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം.
ബാലകൃഷ്ണയുടെ പുതിയ സിനിമയുടെ ടിക്കറ്റ് ഒരു ലക്ഷം രൂപയ്ക്കാണ് ഇയാള്‍ വാങ്ങിയത്. ഗോപിചന്ദ് ഇന്നാമുറി എന്ന 27 കാരനാണ് 12-ാം തീയതി റിലീസ് ചെയ്ത ബാലകൃഷ്ണയുടെ നൂറാമത്തെ ചിത്രമായ ഗൗതമിപുത്ര ശതകര്‍ണിയുടെ ടിക്കറ്റ് ഇത്രയും വലിയ തുക കൊടുത്ത് വാങ്ങിച്ചത്.
ഹൈദരാബാദ് സിറ്റി തിയേറ്ററില്‍ നിന്നാണ് ഗോപിചന്ദ് ടിക്കറ്റ് വാങ്ങിയത്. ഗുണ്ടൂര്‍ നസറാവോപേട്ടിലെ റെസ്റ്റോറന്റ് ഉടമയായ ഇയാള്‍ ഈ പ്രവൃത്തിയിലൂടെ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുകയായിരുന്നു. ഇതിലൂടെ ചികിത്സാ സഹായം ലഭിക്കുന്നത് ബസവതരകം ഇന്‍ഡോ അമേരിക്കന്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രോഗികള്‍ക്കാണ്.
ഇതിനായി സംഘാടകര്‍ 500 നും 2,000 നും ഇടയിലാണ് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വെച്ചത്. എന്നാല്‍ ഗോപിചന്ദ് ഒരു ലക്ഷത്തിന്റെ ചെക്ക് നല്‍കി ടിക്കറ്റ് വാങ്ങുകയായിരുന്നു. തന്റെ എല്ലാ ചിത്രങ്ങളുടെയും റിലീസുമായി ബന്ധപ്പെട്ട് ബാലകൃഷ്ണ ഇതുപോലെ ബെനിഫിറ്റ് ഷോ നടത്താറുണ്ട്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതാദ്യമായല്ല ബാലകൃഷ്ണയുടെ സിനിമയുടെ ടിക്കറ്റ് ആരാധകര്‍ വലിയ പണം കൊടുത്ത് വാങ്ങുന്നത്. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയില്‍ നിന്നുള്ള ഒരു ആരാധകന്‍ ഏകദേശം 3.7 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തിന്റെ ഡിക്റ്റേറ്റര്‍ എന്ന സിനിമയുടെ ടിക്കറ്റ് വാങ്ങിയത്.
2014ല്‍ ലെജന്റ് റിലീസ് ചെയ്തപ്പോള്‍ റായലസീമയിലെ ഒരു ആരാധകന്‍ 40,000 രൂപയ്ക്ക് ടിക്കറ്റ് വാങ്ങി. 2011ല്‍ രാമരാജ്യം റിലീസ് ചെയ്തപ്പോഴും ന്യൂ ജഴ്സിയിലെ ഒരു ആരാധകന്‍ 5000 ഡോളറിനാണ് ടിക്കറ്റ് വാങ്ങിയത്.
പണം സംഭാവന ചെയ്യാന്‍ ഗോപീചന്ദ് ഈ സിനിമ റിലീസ് ചെയ്യുന്ന സമയം നോക്കിയിരിക്കുകയായിരുന്നു. ഈ ആശുപത്രിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ കൂടിയായ ബാലകൃഷ്ണ ഇക്കാര്യത്തില്‍ ഗോപീചന്ദിനെ അഭിനന്ദിച്ചിട്ടുണ്ട്.
തന്റെ സിനിമകളുലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുലേര്‍പ്പെടുന്നതിനായി ബാലകൃഷ്ണ തന്നെ തയ്യാറാക്കിയിട്ടുള്ള മനബാലയ്യാ ഡോട്ട് കോമിനാണ് ഗോപീചന്ദ് തുകയുടെ ചെക്ക് കൈമാറിയത്.
Leave a Reply