Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടന്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
നവംബര്‍ 8ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത്. ഏറ്റവും കൂടിയ പ്രായത്തില്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന വ്യക്തിയാണ് 70കാരനായ ട്രംപ്.
റൊണാള്‍ഡ് റെയ്ഗന്‍ അധികാരമേല്‍ക്കുമ്പോള്‍ 69 വയസ്സായിരുന്നു. യുഎസ് പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനായ ട്രംപ് അധികാരമേല്‍ക്കുന്നത് നാലു ദശകത്തിനിടെ പ്രസിഡന്റുമാര്‍ക്കു ലഭിച്ചതില്‍ ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%). 2009ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഒബാമയുടെ ജനപ്രീതി 84 ശതമാനമായിരുന്നു.
പ്രസിഡന്റ് സ്ഥാനമൊഴിയുന്ന ബറാക് ഒബാമ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യു. ബുഷ്, ബില്‍ ക്ലിന്റന്‍, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ഹിലറി ക്ലിന്റനും ചടങ്ങിനെത്തിയേക്കും. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം ഹിലറി ക്ലിന്റനുമായി ട്രംപ് മുഖാമുഖം വരുന്ന ആദ്യചടങ്ങാണിത്. ഇതിനിടെ ട്രംപ് അധികാരമേല്‍ക്കുന്നതിനെതിരെ അമേരിക്കയില്‍ കനത്ത പ്രതിഷേധം അരങ്ങേറുകയാണ്.
ഇന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ യാത്രയ്ക്കിടെ ആരാധകര്‍ക്കൊപ്പം പ്രതിഷേധക്കാരും ഉണ്ടാകും. എട്ടുലക്ഷത്തോളംപേര്‍ ഇന്നും നാളെയുമായി വാഷിങ്ടണിലെത്തുമെന്നാണ് കണക്കാക്കുന്നത്.
Leave a Reply