Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബച്ചന്‍ കുടുംബത്തെ പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇരുവരുടെയും അടുത്ത സുഹൃത്തും സമാജ്വാദി പാര്‍ട്ടി നേതാവുമായ അമര്‍ സിങ്.
അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ഒരുമിച്ചല്ല ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കുറച്ചുകാലം മുമ്പുവരെ ബച്ചന്‍ കുടുംബവുമായി നല്ല അടുപ്പമുള്ള വ്യക്തിയായിരുന്നു അമര്‍ സിങ്. എന്നാല്‍ പിന്നീട് അമര്‍ സിങ് നടത്തിയ ഒരു പരാമര്‍ശത്തിലൂടെ ആ സൗഹൃദം തകരുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
ജയ ബച്ചനെ സമാജ് വാദി പാര്‍ട്ടി അംഗമാക്കുന്നതിനെതിരെ അമിതാഭ് തനിക്ക് മുന്നറിയിപ്പു തന്നിരുന്നു എന്ന പ്രസ്താവനയാണ് അമര്‍ സിങ്ങും ബച്ചന്‍ കുടുംബവും തമ്മിലുള്ള സൗഹൃദം തകരാന്‍ കാരണമായത്.
എന്നാല്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കു കാരണം അമര്‍ സിങ്ങാണെന്ന തരത്തിലുള്ള ആരോപണങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശം. രാജ്യത്തുണ്ടാവുന്ന എല്ലാ അകല്‍ച്ചയ്ക്കും ആളുകള്‍ തന്നെയാണ് കുറ്റം പറയുന്നത്. അംബാനിമാര്‍ പിരിഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കിയത് താനാണെന്ന് പ്രചരിപ്പിച്ചിരുന്നു, അമര്‍ സിങ് പറഞ്ഞു.
ബച്ചന്‍ കുടുംബത്തിന്റെ കാര്യത്തിലും ആളുകള്‍ തന്നെ ഇത്തരത്തില്‍ കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ അമിതാഭ് ബച്ചനെ കാണുന്നതിനു മുമ്പു തന്നെ അദ്ദേഹവും ജയ ബച്ചനും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഒരാള്‍ പ്രതീക്ഷയിലും മറ്റേയാള്‍ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജനകിലും.
കൂടാതെ ഐശ്വര്യ റായിക്കും ജയ ബച്ചനുമിടയില്‍ ചില പ്രശ്നങ്ങളുണ്ടെന്നും കേള്‍ക്കുന്നുണ്ടെന്നും അമര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താനല്ല ഇതിനൊന്നും ഉത്തരവാദി, അദ്ദേഹം വ്യക്തമാക്കി.
Leave a Reply