Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്യാന്‍ കാരണം കോപ്പിയടിച്ചു പിടിച്ചതിലുള്ള വിഷമം കൊണ്ടാണെന്ന കോളേജ് വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല അന്വേഷണ സമിതി കണ്ടെത്തി.
കോപ്പിയടിച്ചെന്ന വാദമല്ലാതെ ഇതിന്റെ തെളിവുകളോ ദൃക്‌സാക്ഷി മൊഴികളോ ഹാജരാക്കാന്‍ കോളേജിന് സാധിച്ചിട്ടില്ല. കോളജിലെ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക പീഡനം അനുഭവിക്കുകയാണെന്ന പരാതി വ്യാപകമായതിനാല്‍ കോളേജിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും സമിതി നിര്‍ദേശമുണ്ട്.
അതേസമയം ജിഷ്ണു മാനസിക പീഡനത്തിനിരയായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍വകലാശാല സംഘം അന്തിമ വിലയിരുത്തല്‍ നടത്തിയിട്ടില്ല. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ജി.എസ്. പത്മകുമാറിന്റെയും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ്. ഷാബുവിന്റെയും നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.
അന്വേഷണത്തില്‍ ചില അധ്യാപകരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശാരീരിക മാനസിക പീഡനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനാല്‍ സര്‍ക്കാര്‍ കോളേജുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന നിര്‍ദേശവും അന്വേഷണ സംഘം മുന്നോട്ട് വെച്ചിട്ടുണ്ട്.
അതോടൊപ്പം സമിതിയുടെ അന്വേഷണത്തില്‍ കോട്ടയം മറ്റക്കര ടോംസ് കോളേജിന്റെയും നെഹ്റു കോളേജിന്റെയും പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്നും വ്യക്തമായി. അടിസ്ഥാന സൗകര്യമോ, മതിയായ ജീവനക്കാരോ ഇല്ലാതെയാണ് ടോംസിന്റെ പ്രവര്‍ത്തനമെന്നും നെഹ്റുവിലേതിനൊപ്പം മാനസിക പീഡനവും വ്യാപകമാണെന്നും സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കാനും സമിതി നിര്‍ദേശം നല്‍കി.
Leave a Reply