Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതില്‍ പ്രതിഷേധവുമായി ഒരുവിഭാഗം എം.എല്‍.എമാര്‍.
ശശികലയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെയുടെ 40 എം.എല്‍.എമാര്‍ ഡി.എം.കെയിലേക്ക് പോകുകയാണെന്നും സൂചനയുണ്ട്. ഇതിനിടെ ശശികലക്കെതിരെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പനീര്‍ശെല്‍വവും കൂടി രംഗത്തത്തിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കെന്നതിന് വ്യക്തമായ സൂചനയായി.
ശശികലക്കെതിരെ തുറന്നടിച്ച് പനീര്‍ശെല്‍വം രംഗത്തുവന്നതോടെ എ.ഐ.എ.ഡി.എം.കെയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് പനീര്‍ശെല്‍വത്തെ നീക്കിയിരുന്നു. പോയസ് ഗാര്‍ഡനില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ നേതൃത്വത്തില്‍ അര്‍ധരാത്രി 12ന് ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും ശശികല വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ശശികല അറിയിച്ചു.
ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം സഭയില്‍ വിശ്വാസവോട്ട് തേടുമ്പോള്‍ വിട്ടുനില്‍ക്കാനും പിന്നീട് ഡി.എം.കെ മന്ത്രിസഭ രൂപവല്‍ക്കരിക്കാന്‍ അവകാശവാദമുന്നയിച്ചാല്‍ പുറത്തുനിന്ന് പിന്തുണയ്ക്കാനുമാണ് വിമത എം.എല്‍.എമാരുടെ നീക്കം.
കഴിഞ്ഞ ദിവസം മറീന ബീച്ചില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ 40 മിനിറ്റിലേറെ ധ്യാനത്തിലിരുന്ന ശേഷം രാത്രി പത്തു മണിയോടെയാണ് ശശികലയ്‌ക്കെതിരെ പനീര്‍സെല്‍വം ആഞ്ഞടിച്ചത്.
തന്നെ നിര്‍ബന്ധപൂര്‍വം രാജിവെപ്പിക്കുകയായിരുന്നെന്നും നിയമസഭാകക്ഷി യോഗം വിളിച്ചത് താന്‍ അറിയാതെയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജനസമ്മതിയില്ലാത്ത ഒരാളെ മുഖ്യമന്ത്രിയാക്കുന്നതിനോട് താന്‍ അനുകൂലിക്കുന്നില്ലെന്നും പാര്‍ട്ടി പിളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Leave a Reply