Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: വീട്ടുകാരെ എതിര്‍ത്ത് പതിനെട്ടാം വയസ്സില്‍ പ്രണയ വിവാഹം ചെയ്ത പെണ്‍കുട്ടി വിഷം കഴിച്ചു മരിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീകണ്ഠപുരം നിടവാലൂര്‍ സ്വദേശിനിയായ ആന്‍മരിയ(18)യുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് പൂപ്പറമ്പ് സ്വദേശിയും ബസ് ഡ്രൈവറുമായ ഭര്‍ത്താവ് സുബിനെ(28 ) പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഈ മാസം മൂന്നിനാണ് ആന്‍മരിയയെ വിഷം കഴിച്ച നിലയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ആന്‍മരിയയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 5 ഞായറാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
ആന്‍മരിയയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് മാതാവ് ആനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ആന്‍മരിയയുടെ സുഹൃത്തുക്കളില്‍ നിന്നും സഹപാഠികളില്‍ നിന്നും മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഇതിനിടെ ആന്‍മരിയ എഴുതി എന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ കുടിയാന്‍മല പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെടുത്തത്.
നാലു മാസം മുന്‍പാണ് പൈസക്കരി ദേവമാത കോളജിലെ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥിനിയായിരുന്ന ആന്‍മരിയ ബസ് ഡ്രൈവറായ സുബിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് സുബിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
ബസ് ഡ്രൈവറുമായുള്ള പ്രണയവും വിവാഹവും ആന്‍മരിയയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇയാളെ ആന്‍ മാരിയ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയായിരുന്നു.
ആന്‍മരിയയുടെ മരണത്തില്‍ ദുരൂഹതകളേറെയുണ്ടെന്ന ആരോപണം ശക്തമാണ്. മൂന്ന് ദിവസം മുമ്പ് അവള്‍ വിഷം കഴിച്ചെന്നായിരുന്നു ഭര്‍തൃ വീട്ടുകാര്‍ ആദ്യം പറഞ്ഞത്. പിന്നീട് അതില്‍ നിന്നും മാറി. പേരക്കയില്‍ എലിവിഷം കലര്‍ത്തി കഴിച്ചെന്നായി. കോളേജില്‍ തലകറങ്ങി വീണ് ആശുപത്രിയാലായെന്നും മറ്റൊരു പ്രചരണം. കോളേജ് അധികൃതര്‍ അത് നിഷേധിക്കുന്നു. അങ്ങിനെയെന്നും സംഭവിച്ചിരുന്നില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കയാണ് ആന്‍മരിയയയുടെ വീട്ടുകാരും ബന്ധുക്കളും.
വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിച്ച് ആന്‍മരിയ പഠനം തുടര്‍ന്നിരുന്നു. വിവാഹശേഷം നാല് മാസമായിട്ടും അവള്‍ നിടുവാലൂരില്‍ തിരിച്ച് പോയിരുന്നില്ല. എന്നാല്‍ ഭര്‍തൃവീട്ടില്‍ അവളുടെ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നാണ് വിവരം.
ജീവിതത്തിലെ വിരക്തി കൊണ്ടാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്നതായിരുന്നു അവളുടെ അവസാന കുറിപ്പ്. ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നും തനിക്കാണ് തെറ്റു പറ്റിയതെന്നും തുടങ്ങുന്ന കുറിപ്പില്‍ ജീവിതത്തിലെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ച ഒരു ഭാര്യയുടെ അവസ്ഥ ചൂണ്ടിക്കാണിക്കുന്നതായിരുന്നു പിന്നീടുള്ള വരികള്‍. ഈ കുറിപ്പുകളില്‍ ഒന്ന് ആന്മരിയയുടെ അമ്മ ആനിക്കും മറ്റൊന്ന് ഭര്‍ത്താവിനും ഉള്ളതായിരുന്നു.
ഈ കുറിപ്പുകള്‍ ആന്‍മരിയ തന്നെ എഴുതിയതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും വിശദമായ പരിശോധന നടക്കുന്നുണ്ട്.
Leave a Reply