Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ സ്ഥാനത്ത് നിന്ന് എന്‍. പ്രശാന്തിനെ മാറ്റി. പകരം ടൂറിസം ഡയറക്ടര്‍ യു.വി ജോസിനെ പുതിയ കളക്ടറായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
അതേസമയം പ്രശാന്തിന് നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ധാരണയായില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന എന്‍. പ്രശാന്ത് 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേല്‍ക്കുന്നത്.
ഓപ്പറേഷന്‍ സുലൈമാനി അടക്കം പൊതുജനപങ്കാളിത്തതോടെയുള്ള കാരുണ്യപദ്ധതികള്‍ നടപ്പാക്കി കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധനേടി. കോഴിക്കോട് ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ പ്രശാന്ത് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു.
എം.കെ രാഘവന്‍ എം.പിയും പ്രശാന്തുമായുള്ള തര്‍ക്കങ്ങള്‍ ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. എം.പി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുനണ്ടായത്. ഒടുവില്‍ എം.പി ഇതേക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
അസുഖ ബാധിതനായി എതാനും നാളുകളായി കളക്ടര്‍ പ്രശാന്ത് അവധിയിലായിരുന്നു. ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതടക്കമുള്ള ആരോപണങ്ങള്‍ പ്രശാന്തിന് വിനയായതായി റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടറായ യു.വി ജോസ് നേരത്തെ കോട്ടയം കളക്ടറായും കെ.എസ്.യു.ഡി.പി പ്രൊജക്ട് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഡയറക്ടറും സംസ്ഥാന ഐടി മിഷന്‍ കോര്‍ഡിനേറ്ററുമായിരുന്നു.
Leave a Reply