Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം. 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ഹാന്‍ഡ്ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍സിന്റെ മൂന്നുനില കെട്ടിടത്തിനാണ് തീ പിടിച്ചത്.
തീ പടര്‍ന്നതോടെ മിഠായി തെരുവിലെ കടകള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തീ പിടുത്തമുണ്ടായ മോഡേണ്‍ ടെക്സ്റ്റയില്‍സ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കടയിലെ ജനറേറ്ററിന്റെ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്.
അടുത്തേക്കുള്ള പതിനഞ്ചേളം കടകളിലേക്ക് തീപടര്‍ന്നതായാണ് വിവരം. തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഏഴ് അഗ്‌നിശമനസേന യൂണിറ്റുകള്‍ തീയണയ്ക്കാനെത്തിയിട്ടുണ്ട്. സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല.
സമീപത്തെ കടയിലും ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്നാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ മറ്റ് ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതിരിക്കുന്നതിനുള്ള ശ്രമത്തിലാണ് അഗ്‌നിശമനസേനയും നാട്ടുകാരും. എന്നാല്‍ അടുത്തുള്ള കടകളിലും പാചകവാതക സിലിണ്ടറുകളുള്ളത് പരിഭ്രാന്തി ഉയര്‍ത്തുന്നുണ്ട്.
തീ അണക്കാന്‍ പൂര്‍ണമായും കഴിയാത്തത് കൊണ്ട് ആളുകള്‍ മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുന്നത് പോലീസ് തടഞ്ഞിട്ടുണ്ട്. എങ്കിലും നിരവധി ആളുകളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അപകട സാധ്യതയുള്ളത് കൊണ്ട് സ്ഥലത്തേക്ക് ആളുകള്‍ എത്തുന്നത് ഒഴിവാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
കോഴിക്കോടിന്റെ പൗരാണിക വാണിജ്യ മേഖലയാണ് മിഠായിത്തെരുവ്. വളരെ ഇടുങ്ങിയ വഴികളുള്ള ഇവിടെ തൊട്ടടുത്തായാണ് കടകളിരിക്കുന്നത്. ഇടക്കിടയ്ക്ക് തീപിടിത്തമുണ്ടാകുന്ന മേഖലയുമാണിത്. മുന്‍പും തീപിടിത്തം ഉണ്ടായിട്ടുണ്ടെങ്കിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാത്തതും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.
മുന്‍പ് 2010 ഫെബ്രുവരിയിലും ഡിസംബറിലും 2015 മെയിലും ഇവിടെ തീപിടുത്തമുണ്ടായിട്ടുണ്ട്.
Leave a Reply