Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ് രംഗത്ത്.
സംഭവത്തില്‍ പൊലീസ് ആലുവയിലെത്തി ചോദ്യം ചെയ്തത് തന്നെയല്ല. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ പ്രശ്‌നത്തിലേക്ക് തന്നെ വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ദീലീപ് ആരോപിക്കുന്നു. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും അല്ലെങ്കില്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല, തന്നെ ചോദ്യം ചെയ്തിട്ടുമില്ല. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാര്‍ത്തകള്‍. തനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നിലെന്നും ദിലീപ് പറഞ്ഞു.
”നിങ്ങള്‍ പൊലീസിനോട് ചോദിക്കൂ. ആ നടന്‍ ഞാനാണോ എന്ന്. അതിനു ശേഷം വാര്‍ത്തകള്‍ കൊടുക്കൂ. ആ നടന്‍ ആരായാലും അന്വേഷിച്ച് കണ്ടുപിടിക്കണം. അല്ലാതെ ഊഹാപോഹങ്ങള്‍ വെച്ച് വാര്‍ത്തകള്‍ കൊടുക്കരുത്. ” ദിലീപ് കൂട്ടിച്ചേര്‍ത്തു.
ആലുവയില്‍ പദ്മസരോവരം എന്ന വീട് ദിലീപിനുണ്ടെങ്കിലും താരം ഇപ്പോള്‍ കലൂരിലാണ് താമസിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ആലുവയിലെ വീട്ടിലെത്തി മലയാളത്തിലെ പ്രമുഖ നടനെ പൊലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തുവെന്നായിരുന്നു വാര്‍ത്തകള്‍. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രി മഫ്തിയിലാണ് നടന്റെ വീട്ടിലെത്തി വിവരശേഖരണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Leave a Reply