Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തടയാന്‍ ആദ്യം സമൂഹം മാറട്ടെ എന്നു കാത്തിരിക്കുകയല്ല വേണ്ടത്, അവനവനില്‍ തുടങ്ങേണ്ടതാണ് മാറ്റം. താന്‍ മാറുമ്പോള്‍ ആ കുടുംബം തന്നെ മാറും അങ്ങനെ സമൂഹവും. അനുഭവത്തിലൂടെ ഈ ആശയത്തെ വ്യക്തമാക്കുന്ന ജോസഫ് അന്നംകുട്ടി ജോസ് എന്ന യുവാവിന്റെ അനുഭവമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. സംവിധായിക അഞ്ജലി മേനോനടക്കം ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടുകാരനാണ് എഫ് ടിവിയെക്കുറിച്ചു പറഞ്ഞത്. അവന്‍ വഴിയാണ് ആദ്യമായി ആ ചാനലിനെക്കുറിച്ചു കേള്‍ക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ നഗ്നത കാണാന്‍ അന്ന് ആഗ്രഹം തോന്നി. അന്നാണെങ്കില്‍ നാട്ടിലൊന്നും കേബിള്‍ ടിവിയില്ല. അങ്ങനെ നോക്കിയിരുന്ന് വീട്ടില്‍ കേബിള്‍ ടിവി എത്തി. അപ്പോള്‍ എന്റെ ആദ്യത്തെ ക്യൂരിയോസിറ്റി എഫ് ടിവി കാണുക.
അങ്ങനെയിരിക്കെ അപ്പച്ചന്‍ വീട്ടിലില്ലാത്ത അമ്മച്ചി അടുക്കളയില്‍ തിരക്കിലായ ഒരുദിവസം എഫ് ടിവി കണ്ടെത്തി. അമ്മ വന്നു പിടിക്കപ്പെടേണ്ടെന്നു കരുതി എഫ് ടിവിയും സൂര്യ ടിവിയും സ്വാപ് ചെയ്തായിരുന്നു കാണുന്നത്.
അമ്മ പെട്ടെന്ന് വരുമ്പോള്‍ സൂര്യ ടിവിയിലെ കടലുണ്ടി അപകട വാര്‍ത്ത വെക്കും അല്ലാത്ത സമയത്ത് എഫ് ടിവിയും. ഇതു തുടരുന്നതിനിടയില്‍ പെട്ടെന്ന് അമ്മ കയറിവന്ന് താന്‍ എന്താണു കാണുന്നതെന്നു ചോദിച്ചു, അപ്പോള്‍ താന്‍ കടലുണ്ടി ട്രെയിന്‍ അപകടം ആണു കാണുന്നതെന്നു പറഞ്ഞു. അതിനിടയിലെവിടെയാ ഇംഗ്ലീഷില്‍ മ്യൂസിക് കേള്‍ക്കുന്നതെന്നു ചോദിച്ച് അമ്മ റിമോട്ട് തട്ടിപ്പറിച്ച് എഫ് ടിവി ഇട്ടു.
അയ്യേ എന്നു പറഞ്ഞ് കണ്ണുപൊത്തിപ്പിടിച്ച തന്നോട് ചമ്മാതെ ടിവിയിലോട്ട് നോക്കാന്‍ പറഞ്ഞ് അമ്മ ചില കാര്യങ്ങള്‍ പറഞ്ഞു. നിന്റെ അമ്മയ്ക്കുള്ളതേ അവര്‍ക്കുമുള്ളു, എന്നിട്ട് അമ്മ അന്നത്തെ അഞ്ചാംക്ലാസുകാരന് മനസിലാകുന്നതിനേക്കാള്‍ പക്വതയുള്ള ചില കാര്യങ്ങള്‍ പറഞ്ഞു.
നീ ഒരു ആണ്‍കുട്ടിയാണ്, പെണ്‍കുട്ടികളെ കാണണമെന്നും അത്തരത്തിലുള്ള ആഗ്രഹങ്ങളും നിനക്കുണ്ടാകും, അതു പ്രകൃതി നല്‍കിയതാണ്. പക്ഷേ അത്തരം ആഗ്രഹങ്ങളെ ഏറ്റവും കുലീനമായി നിയത്രിക്കുന്നിടത്താണ് നീ ശരിക്കുമൊരു ആണ്‍കുട്ടിയായി മാറുന്നത്. അന്ന് മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ് ഇത്തരം ആഗ്രഹങ്ങള്‍ സ്വാഭാവികമാണെന്നും അതു നിയന്ത്രിക്കുന്നിടത്താണ് ഞാന്‍ ജെന്റില്‍മാന്‍ ആകുന്നതെന്നും.
പ്രതികളെ തൂക്കിക്കൊല്ലണം ജയിലില്‍ കയറ്റണം എന്നൊക്കെ പറയും മുമ്പ് ആദ്യത്തെ മാറ്റം കുടുംബത്തില്‍ വരുത്താം. നമ്മുടെ കുടുംബത്തിലെ ആണ്‍കുട്ടികളെ ചെറുപ്പത്തിലേ ഒരു പെണ്‍കുട്ടിയെ ബഹുമാനിക്കണമെന്നും അവളെ സംരക്ഷിക്കണമെന്നും പഠിപ്പിച്ചാല്‍ അവന്‍ അത്ര എളുപ്പത്തിലൊന്നും വഴിതെറ്റിപ്പോവില്ല. മാറ്റം വരേണ്ടത് നമ്മുടെ ഉള്ളിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും കുടുംബത്തിലുമാണ്.
അടുത്ത തലമുറയ്ക്കു ജന്മം കൊടുക്കേണ്ട നാം തന്നെ ആദ്യം മാറാം, നമ്മളെ കണ്ടാണ് നമ്മുടെ അനിയന്‍മാരും അനിയത്തിമാരും മാറേണ്ടത്, അതുകൊണ്ട് ആദ്യത്തെ മാറ്റം നമ്മളില്‍ തന്നെയാകട്ടെ. എല്ലാ സ്ത്രീകളും നമ്മുടെ ഉത്തരവാദിത്തമാണ്, അവസരമല്ലെന്നും പറഞ്ഞാണ് ജോസഫ് വിഡിയോ അവസാനിപ്പിക്കുന്നത്.
Leave a Reply