Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: മാധവിക്കുട്ടിയുടെ ജീവചരിത്ര പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്‍ബുക്‌സിനെതിരെ അപകീര്‍ത്തിക്കേസുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി.
പുസ്തകത്തിന്റെ പ്രസാദകരായ ഗ്രീന്‍ ബുക്സിന് സമദാനി വക്കീല്‍ നോട്ടീസ് അയച്ചു. മാധവിക്കുട്ടിയുമായി പ്രണയബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പുസ്തകം പിന്‍വലിച്ച് ഗ്രീന്‍ ബുക്സ് അധികൃതര്‍ മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് സമാദാനി ഗ്രീന്‍ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.
മെര്‍ലി വെയ്‌സ്‌ബോഡ് പ്രസിദ്ധീകരിച്ച ‘ദ ക്വീന്‍ ഓഫ് മലബാര്‍’ എന്ന ഗ്രന്ഥത്തിന് ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന തലക്കെട്ടില്‍ ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച തര്‍ജമയ്‌ക്കെതിരെയാണ് സമദാനി രംഗത്തുവന്നിരിക്കുന്നത്.
ഗ്രീന്‍ബുക്‌സ്, ഗ്രീന്‍ബുക്‌സ് മാനേജിങ് എഡിറ്റര്‍ കൃഷ്ണദാസ്, എം.ജി സുരേഷ്, മെര്‍ലി വെയ്‌സ്‌ബോഡ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖേനയാണ് സമദാനി നോട്ടീസ് അയച്ചിരിക്കുന്നത്.
പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും തന്റെയും മാധവിക്കുട്ടിയുടെയും പേരില്‍ വ്യാജ കഥയുണ്ടാക്കി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സമദാനി ആരോപിക്കുന്നു. പുസ്തകത്തിലെ പേജ് നമ്പര്‍ 207 മുതല്‍ 218 വരെയുള്ള പേജുകളിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. സാദിഖലിയെന്നാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെങ്കിലും അത് താനാണെന്ന് വായിക്കുന്ന ഏതൊരാള്‍ക്കും പകല്‍പോലെ വ്യക്തമാകുമെന്നും സമദാനി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
മാധവിക്കുട്ടിയുടെ മതംമാറ്റത്തിനുള്ളിലെ രഹസ്യങ്ങള്‍ എന്ന തലവാചകത്തിലുള്ള ചിത്രത്തിലും സുരയ്യ സമദാനി വിവാഹം നടക്കുമോ? എന്ന് ചോദിച്ചുകൊണ്ട് തന്റെയും മാധവിക്കുട്ടിയുടെയും ഫോട്ടോയാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കമലാദാസ് എന്ന മാധവിക്കുട്ടിയുമായി താനൊരിക്കലും പ്രണയത്തിലാകുകയോ വിവാഹ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും സമദാനി പറയുന്നു. ഇതിന് തെളിവായി മാധവിക്കുട്ടി അഭിമുഖങ്ങളില്‍ മതം മാറ്റത്തെക്കുറിച്ചും തന്നോടുണ്ടായ സമീപനത്തെക്കുറിച്ചും സംസാരിച്ച കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
2007 ഫെബ്രുവരിയില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ താന്‍ മകനനെപ്പോലെയാണെന്ന് കമലാസുരയ്യ പറഞ്ഞ കാര്യവും സമദാനി ചൂണ്ടിക്കാട്ടി. ഈ അഭിപ്രായം കമലാസുരയ്യ പലതവണ വ്യക്തമാക്കിയാതാണെന്നും 1997ല്‍ ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കമലാസുരയ്യ താന്‍ അവരെ അമ്മ എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ കാര്യവും സമദാനി ചൂണ്ടിക്കാട്ടുന്നു.
തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുക വഴി സമൂഹത്തില്‍ പലര്‍ക്കും തന്നോട് വെറുപ്പുണ്ടായെന്നും അവമതിപ്പിനും വിദ്വേഷത്തിനും ഇടയാക്കിയെന്നും പറഞ്ഞ സമദാനി പുസ്തകത്തിന്റെ പഴയതും പുതിയതുമായ എല്ലാ പതിപ്പുകളും പിന്‍വലിച്ച് പിന്‍വലിക്കല്‍ നടപടിയും മാപ്പും പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply