Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആദ്യ ചിത്രമായ കമ്മട്ടിപ്പാടത്തിലെ വേഷത്തിന് വിനായകനൊപ്പം പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു സ്വഭാവനടനുള്ള പുരസ്കാരം നേടിയ മണികണ്ഠന് ആചാരി.
ചിത്രത്തില്‍ ബാലന് എന്ന കഥാപാത്രത്തെയാണ് മണികണ്ഠന് അവതരിപ്പിച്ചത്. തനിക്കു മാത്രമായിരുന്നു ഈ അവാര്‍ഡെങ്കില്‍ വിഷമമാകുമായിരുന്നുവെന്ന് മണികണ്ഠന് പറയുന്നു. ഈ സിനിമയ്ക്കുവേണ്ടി തുടക്കം മുതല്‍ ഒരേ മനസോടെ പണിയെടുത്തവരാണ് ഞങ്ങള്‍. പലപ്പോഴും മത്സരിച്ചു തന്നെയായിരുന്നു അഭിനയം. രണ്ടു പേര്‍ക്കും അവാര്‍ഡു കിട്ടിയതിലൂടെ ഞങ്ങളുടെ സിനിമ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും മണികണ്ഠന് പ്രതികരിച്ചു.
ബാലന് ചേട്ടനെന്ന കഥാപാത്രം ആദ്യം വലിയ ഭാരമായി തോന്നിയില്ലെങ്കിലും പടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് വലിയൊരു ഭാരമാണല്ലോ താനേറ്റെടുത്തിരിക്കുന്നതെന്ന് ബോധ്യമായെതെന്നും മണികണ്ഠന് പറയുന്നു.
എല്ലാ വികാരങ്ങളും അവതരിപ്പിക്കേണ്ട കഥാപാത്രമായിരുന്നു ബാലന്. ഓരോ ഷോട്ടു തീരുമ്പോഴാണ് അടുത്ത ഷോട്ടിനെക്കുറിച്ച് താന്‍ അറിയുന്നത്. ചിത്രത്തിന്റെ കഥയൊന്നും സംവിധായകന് രാജീവ് രവി പറഞ്ഞിരുന്നില്ലെന്നും മണികണ്ഠന് പറഞ്ഞു.
ജീവിക്കാനായി കൂലിപ്പണിക്കാരനായും അമ്പലപ്പറമ്പിലെ നാടകക്കാരനായും ചമ്പക്കര മാര്‍ക്കറ്റിലെ മീന്വെട്ടുകാരനായും പല തൊഴിലുകള്‍ ചെയ്ത വ്യക്തിയാണ് മണികണ്ഠന്. തൃപ്പൂണിത്തുറയിലെ ഭാസഭേരി എന്ന നാടകസംഘത്തിലെത്തിയതോടെയാണ് അഭിനയത്തില്‍ പേരെടുക്കുന്നത്.
ഒരു ഘട്ടത്തില്‍ ചെന്നൈയിലേക്കു മാറി ഏതാനും തമിഴ്ചലച്ചിത്രങ്ങളുടെ ഭാഗമായെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. മടങ്ങിയെത്തിയപ്പോഴാണ് കമ്മട്ടിപ്പാടത്തിലെ വേഷം തേടിയെത്തുന്നത്. ചിത്രത്തില്‍ മേക്കപ്പില്ലാതെയായിരുന്നു മണികണ്ഠന്റെ അഭിനയം.
Leave a Reply