Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: യുവതീ യുവാക്കള്‍ക്ക് നേരെ കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തം.
സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ 10 മണിക്ക് മറൈന്‍ ഡ്രൈവില്‍ ഇന്ന് ‘സ്നേഹ ഇരിപ്പു സമരം’ നടത്തും.
അതേസമയം സദാചാര ഗുണ്ടായിസത്തിനെതിരെ മുന്‍പ് ഇവിടെ ചുംബന സമരം നടത്തി ശ്രദ്ധ നേടിയ കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്നു വൈകിട്ടും അരങ്ങേറും. കിസ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടിയുടെ വാര്‍ത്ത പുറത്ത് വിട്ടത്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, ശിവസേനയുടെ അക്രമം തടയുന്നതില്‍ പരാജയപ്പെട്ടെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്ന് സെന്‍ട്രല്‍ എസ്.ഐ എസ്. വിജയശങ്കറിനെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എ.ആര് ക്യാംപിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
സംഭവത്തില്‍ പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി. വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് അറിയിച്ചു.
ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്ക് പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ അവിടെയിരുന്ന യുവതീ യുവാക്കളെ ചൂരലിന് അടിച്ചും കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും വിരട്ടിയോടിക്കുകയായിരുന്നു.
എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പ്രസിഡന്റ് ടി.ആര്. ദേവന്, കെ.വൈ. കുഞ്ഞുമോന്, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്. ലെനിന്, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മര്‍ദ്ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ചിത്രം കടപ്പാട്: മനോരമ
Leave a Reply