Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സ്വകാര്യബാങ്കുകള്‍ക്കു പിന്നാലെ എസ്.ബി.ഐയും പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എ.ടി.എം സേവനങ്ങള്‍ക്കുമുള്ള സര്‍വീസ് ചാര്‍ജ് കൂട്ടി.
ഇന്നുമുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെ പിഴ ഈടാക്കും. കൂടാതെ എല്ലാ ചാര്‍ജുകള്‍ക്കും പിഴകള്‍ക്കും ഒപ്പം 14.5% സേവനനികുതിയും അടക്കേണ്ടിവരും. സര്‍വീസ് ചാര്‍ജിന്റെയും പിഴയുടെയും പേരില്‍ ബാങ്കിങ് മേഖലയില്‍ വന്‍ കൊള്ളയ്ക്കാണ് ഇതോടെ തുടക്കമാകുന്നത്.
എസ്.ബി.ഐ ഇടപാടുകാരന്‍ എസ്.ബി.ഐ എ.ടി.എമ്മില്‍നിന്ന് ഒരുമാസം അഞ്ചുതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍നിന്നു പത്തുരൂപയാക്കിയിട്ടുമുണ്ട്. മറ്റു ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്നെങ്കില്‍ 20 രൂപ ഈടാക്കും.
ക്യാഷ്‌ലെസ് ഇടപാടുകള്‍ക്ക് ഇതു യഥാക്രമം അഞ്ചുരൂപയും എട്ടുരൂപയുമാണ്. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5000 രൂപവേണം. ഇല്ലെങ്കില്‍ 100 രൂപ വരെയാണ് പിഴ. ഇത് കേരളത്തിന് ബാധകമല്ല.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ 3000 രൂപ മിനിമം ബാലന്‍സില്ലെങ്കില്‍ 40 മുതല്‍ 80 രൂപവരെ പിഴയീടാക്കും. കരുനാഗപ്പള്ളി, പാല പോലെയുള്ള അര്‍ധനഗരങ്ങളിലെ അക്കൗണ്ടില്‍ 2000 രൂപ മിനിമം ബാലന്‍സ് വേണം. ഇല്ലെങ്കില്‍ പിഴ 25 മുതല്‍ 50 രൂപവരെ. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 മുതല്‍ 50 രൂപ വരെയാണ് പിഴ.
25,000 രൂപയില്‍ താഴെ മിനിമം ബാലന്‍സുള്ള അക്കൗണ്ടുടമ ബാങ്ക് ശാഖയില്‍നിന്നു രണ്ടുതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ്. മുമ്പ് നാലുതവണ സൗജന്യമായി പിന്‍വലിക്കാമായിരുന്നു. മാസം മൂന്നു തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നിലവില്‍ ഈടാക്കുന്നുണ്ട്.
Leave a Reply