Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ കുടുംബം.
മകന് നീതി ലഭിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ച് നല്‍കുമെന്നും മകന്റെ നഷ്ടത്തിന് പകരമാകില്ല ഒന്നുമെന്നും ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പ്രതികരിച്ചു. മകന്റെ മരണത്തിന് പകരമാവുന്നതല്ല പണം. മകന് നീതി ലഭിക്കുകയാണെങ്കില്‍ പത്തല്ല ഇരുപത് ലക്ഷം സര്‍ക്കാരിന് അങ്ങോട്ട് കൊടുക്കാന്‍ തയ്യാറാണെന്നും അശോകന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മകന്റെ മരണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഒരാളെ പോലും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ പറഞ്ഞു.
ജിഷ്ണുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസത്തോളമായി അമ്മ മഹിജ, സഹോദരി അവിഷ്ണ എന്നിവര്‍ നിരാഹാര സമരത്തിലാണ്. എന്നിട്ട് പോലും സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെട്ടിരുന്നില്ല.
ജിഷ്ണുവിന്റെ കുടുംബത്തിന് ആവുന്ന സഹായങ്ങളെല്ലാം നല്‍കുന്നുണ്ടെന്നും പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്. തുടര്‍ന്നാണ് പ്രതികളെ പിടികൂടുന്നില്ലെങ്കില്‍ ധനസഹായവും വേണ്ടെന്ന നിലപാടുമായി കുടുംബം രംഗത്തെത്തിയത്.
താന്‍ കഴിഞ്ഞ 30-32 വര്‍ഷമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും പക്ഷെ
അത്തരമൊരാള്‍ക്ക് സഹിക്കാവുന്നതല്ല ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാടെന്നും ജിഷ്ണുവിന്റെ അച്ഛന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സമരം അട്ടിമറിക്കാനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായി തോക്കു സ്വാമിയെ (ഹിമവല്‍ ഭദ്രാനന്ദ) ഡി.ജി.പി ഓഫീസിനു മുന്നിലെത്തിക്കുകയായിരുന്നുവെന്നും ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.
Leave a Reply