Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൊന്നാനി നരിപ്പറമ്പ് സ്വദേശി ഷഫീക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ചിത്രം ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇന്നത്തെ തലമുറയുടെ മാതാപിതാക്കളോടുള്ള സമീപനം എന്താണെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.
ഷഫീക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്…………….
ഓരോ യാത്രയും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കും, കാലത്ത് 9.30 ഒരു നീണ്ട മുംബൈ യാത്രക്കൊടുവില്‍ കുറ്റിപ്പുറം എത്തി. അവിടെ നിന്നും നാട്ടിലേക്കുള്ള ബസില്‍ കയറി, അപ്പോഴാണ് എന്റെയടുത്ത സീറ്റില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നത് കണ്ടത്.
നരവീണ മുടിയുള്ള ചുളിവ് വീണ തൊലികള്‍, ഒരു 70 ന്റെ അടുത്ത് പ്രായം വരും ജീവിതത്തില്‍ ആകെയുള്ള കൂട്ട് എന്നോണം ഒരു ഊന്ന് വടി മുറുക്കെ പിടിച്ചിട്ടുണ്ട്, മങ്ങിയ കാഴ്ചകള്‍ തെളിയാന്‍ വേണ്ടി ഒരു വട്ട കണ്ണടയും ഉണ്ട്. വാര്‍ദ്ധക്യത്തിന്റെ എല്ലാ ചുളിവുകളും അയാളുടെ മുഖത്തുണ്ടായിരുന്നു, കയ്യില്‍ വിയര്‍പ്പ് ഒട്ടിക്കിടക്കുന്ന ഒരു പത്തു രൂപാ നോട്ടും, ഒരു ചെറിയ കഷ്ണം പേപ്പറും ഉണ്ട്.
കണക്ടര്‍ വന്നപ്പോള്‍ അയാള്‍ പത്തു രൂപാ നോട്ടിനൊപ്പം ആ കടലാസും കൂടെ കൊടുത്തു, അതു വായിച്ച് കണ്ടക്ടര്‍ അയാളുടെ മുഖത്ത് നോക്കാതെ തിരിച്ച് കൊടുത്തു. ഞാന്‍ ആ കടലാസിലോട്ട് നോക്കി അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘തവനൂര്‍ ബസില്‍ കയറി വൃദ്ധ മന്ദിരത്തില്‍ ഇറങ്ങുക’ ഞാന്‍ ഏറെ നേരം ആ പേപ്പറിലേക്ക് തന്നെ നോക്കി നിന്നു, കണ്ണു നിറഞ്ഞു, വീട്ടിലെ പൂമുറ്റത്ത് മലര്‍ന്ന് കിടന്ന് മക്കളുടെ സന്തോഷവും കൊച്ചുമക്കളുടെ കളികളും കണ്ട് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ട് പോയ കാലത്തിന്റെ കാലത്തിന്റെ നല്ല ഓര്‍മകളെ താലോലിക്കാന്‍ കൊതിച്ച്, ഒടുവില്‍ കാലത്തിന്റെ കുത്തൊഴുക്കിലെവിടെയോ കാലിടറിയവര്‍, മക്കളെ സ്‌നേഹിക്കുന്ന തിരക്കില്‍ അവര്‍ക്ക് വേണ്ടി രക്തം വിയര്‍പ്പാക്കി ഒഴുക്കിയിട്ട് , വളര്‍ന്നു വലുതായപ്പോള്‍ തിരസ്‌കരിച്ച മക്കള്‍, വൃദ്ധമന്ദിരം എത്തി തന്റെ മുഷിഞ്ഞ ബാഗും എടുത്ത് അയാള്‍ മെല്ലെ ഇറങ്ങി പതുക്കെ നടന്നു നീങ്ങി, ആരൊക്കെയോ തിരിച്ചുവിളിക്കും എന്ന പ്രതിക്ഷയിലാവണം ഇടക്ക് തിരിഞ്ഞ് നോക്കുന്നുണ്ട്.
അപ്പോള്‍ എവിടെയോ വായിച്ച രണ്ടു വരികളാണ് എനിക്കോര്‍മ്മ വന്നത് ‘ പത്തു മക്കളെ നോക്കാന്‍ എനിക്കൊരു കഷ്ടപ്പാടും ഉണ്ടായില്ല, എന്നാല്‍ എന്നെ ഒരാളെ നോക്കാന്‍ ഈ പത്തു മക്കളും ഇത്ര കഷ്ടപ്പെടുന്നതെന്തെ?’
വിണ്ടുകീറിയുണങ്ങീട്ടങ്ങനെ, പൂക്കാതെ, കായ്ക്കാതെ, നില്‍ക്കും കാലം, കാതലിരുണ്ട് പൊടിയും കാലം, തായ് വേരൊടിഞ്ഞു ചളിയും കാലം, ശാഖകളൊന്നായടരും കാലം, ദ്വാരങ്ങള്‍ മുറ്റി, കുഴങ്ങും കാലം, സ്‌നേഹത്തോടൊരു തുള്ളി പകരാന്‍ ആരുണ്ടാകുമെന്നാരറിയുന്നു, മക്കളെ, നിങ്ങളിലാരുണ്ടാകുമെന്നാരറിയുന്നു?..
സിനിമാ പ്രവര്‍ത്തകന്‍ കൂടിയായ ഷഫീഖ് ബസിന്റെ പിന്നില്‍ കയറിയപ്പോള്‍ തൊട്ടുമുന്‍പിലുള്ള വികലാംഗരുടെ സീറ്റിലായിരുന്നു വൃദ്ധന്‍ ഇരുന്നത്. കയ്യിലെ കുറിപ്പ് ശ്രദ്ധയോടെ പിടിച്ചതാണ് ഇയാള്‍ ഷഫീഖിന്റെ കണ്ണിലുടക്കാന്‍ കാരണം. ബാഗില്‍ ക്യാമറയുണ്ടായിരുന്നെങ്കിലും മൊബൈലില്‍ ചിത്രം പകര്‍ത്താനാണ് തോന്നിയതെന്ന് ഷഫീഖ് പറയുന്നു.
Leave a Reply