Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 10:16 pm

Menu

Published on April 17, 2017 at 12:20 pm

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി; 1,71,038 വോട്ടിന്റെ ഭൂരിപക്ഷം

kunjalikutty-won-the-malappuram-by-election

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഉജ്വല ജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിം ലീഗ് നേതാവിന്റെ ജയം.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് ഉയര്‍ത്തിയ കുഞ്ഞാലിക്കുട്ടി 2014ല്‍ ഇ. അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ ലീഡ് ഉയര്‍ത്തി റെക്കോര്‍ഡ് കുറിക്കുമോ എന്നതായിരുന്നു ശ്രദ്ധാകേന്ദ്രം. റെക്കോര്‍ഡ് നേടാന്‍ സാധിച്ചില്ലെങ്കിലും 2014 ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ യു.ഡി.എഫിന് നേടാനായി.

5,15,325 വോട്ട് നേടിയ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 1,71,038 വോട്ടുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിന് ലഭിച്ച ആകെ വോട്ട് 3,44,287 ലക്ഷമാണ്. മുന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ഒരു ലക്ഷത്തോളം വോട്ട് ഇടതുപക്ഷത്തിന് അധികമായി ലഭിച്ചു. ബിജെപിയുടെ നിലയാണ് മോശമായത്. 65,662 വോട്ട് നേടാന്‍ മാത്രമേ ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിനു സാധിച്ചുള്ളൂ. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 64,705 വോട്ടാണ്.

ജയപ്രതീക്ഷ ഇല്ലായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം ആരംഭിക്കുന്നതിന് മിനിട്ടുകള്‍ മുന്‍പ് വരെ യു.ഡി.എഫ് ഭൂരിപക്ഷം ഒന്നരലക്ഷം കടക്കില്ലെന്ന് വാദിച്ച എല്‍.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് 1.71 ലക്ഷത്തിന്റെ മികച്ച ഭൂരിപക്ഷം നേടുവാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.

സ്വന്തം നിയമസഭാ മണ്ഡലമായ വേങ്ങരയിലും മലപ്പുറത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് വലിയ ലീഡ് ലഭിച്ചത്. ഏഴ് നിയോജകമണ്ഡലങ്ങളില്‍ മലപ്പുറം ഒഴിച്ച് ബാക്കിയെല്ലാം നിയോജകമണ്ഡലങ്ങളിലും 2016 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച ഭൂരിപക്ഷമാണ് ഇക്കുറി യു.ഡി.എഫ് സ്വന്തമാക്കിയത്.

മലപ്പുറം ഗവ. കോളജിലാണ് വോട്ടെണ്ണല്‍ നടന്നത്. ആദ്യ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 3000 കടന്നിരുന്നു. ഓരോ റൗണ്ട് വോട്ടെണ്ണുമ്പോഴും കുഞ്ഞാലിക്കുട്ടി ലീഡ് ഉയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് ആയിരുന്നു മുന്നില്‍. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ മാത്രമായിരുന്നു എല്‍.ഡി.എഫ് നേരിയ പോരാട്ടം കാഴ്ചവച്ചത്. ഇവിടെ തുടക്കത്തില്‍ എല്‍.ഡി.എഫ് മുന്നിലായിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് തിരിച്ചു പിടിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News