Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഭിനയമായിരുന്നു ഏറ്റവും പേടിയെന്നും ആ പേടി മാറാനാണ് താന്‍ അഭിനയിച്ചു തുടങ്ങിയതെന്നും ദുല്‍ഖര്‍ സല്‍മാന്‍. ശരിക്കും സംവിധാനമായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അഭിനയത്തിനിടെ തിടുക്കപ്പെട്ട് സംവിധാനം ചെയ്യാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ പുതിയ ചിത്രമായ സി.ഐ.എ നാളെ റിലീസ് ചെയ്യാനിരിക്കെ മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നല്ല സിനിമകളുമായി സഹകരിക്കണമെന്ന് വലിയ ആഗ്രഹമാണ്. സമയമെടുത്ത് നന്നായി ചെയ്യാനാണ് ആഗ്രഹം. നല്ല സിനിമകള്‍ നിര്‍മ്മിക്കണമെന്നും ആഗ്രഹമുണ്ട്. എന്റെ സിനിമകളല്ല. മറിച്ച് അടുത്ത് മലയാളത്തിലിറങ്ങിയ ചില കൊച്ചു ചിത്രങ്ങളില്ലേ? അതു പോലുള്ള ചിലത്. നായകനായാലും നിര്‍മ്മാതാവായാലും ഇനി ഒരു ഗസ്റ്റ് റോള്‍ ആണെങ്കില്‍ കൂടി നല്ല സിനിമകളുമായി ചേര്‍ന്ന് പേരു വരണമെന്നാണ് ആഗ്രഹം, ദുല്‍ഖര്‍ പറയുന്നു.
സി.െഎ.എ ഒരു രാഷ്ട്രീയ ചിത്രമല്ല, പ്രണയചിത്രമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഈ സിനിമ മാര്‍ക്കറ്റ് ചെയ്യുന്നതും അങ്ങനെ തന്നെയാണ്. പ്രണയത്തിനായി ഒരാള്‍ക്ക് എവിടെ വരെ പോകാം എന്നതാണ് ഈ സിനിമ പറയുന്നത്. എന്നാല്‍ ഇതിലെ നായകനായ അജി മാത്യുവിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. അയാള്‍ക്ക് ഒരു പശ്ചാത്തലമുണ്ട്. അതിന് രാഷ്ട്രീയവുമായി ബന്ധമുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
അമല്‍ നീരദ് ഇന്നു വരെ ചെയ്ത സിനിമകളില്‍ നിന്നു വ്യത്യസ്തമായിരിക്കും സി.ഐ.എ എന്നാണ് തനിക്കു തോന്നുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. കഥയിലായാലും മെയ്ക്കിങ്ങിലായാലും ഒരു പുതുമ ഈ ചിത്രത്തിലുണ്ട്. ഏതു തരം പ്രേക്ഷകനെയും ആകര്‍ഷിക്കാന്‍ പോന്ന ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. അമല്‍ നീരദ് എന്ന ഫിലിം മേക്കറെ മലയാളികള്‍ക്ക് നേരത്തെ അറിയാമല്ലോ. അദ്ദേഹം നമ്മെ നിരാശപ്പെടുത്തില്ല, ദുല്‍ഖര്‍ പറഞ്ഞു.

എന്നാല്‍ ലെഗസിയുടെ ചെറിയൊരു പേടി എപ്പോഴും തന്റെ ഉള്ളിലുണ്ടെന്നും ദുല്‍ഖര്‍ സമ്മതിക്കുന്നു. ചെയ്യുന്ന സിനിമകള്‍ മോശമാവരുത്, മോശം ആക്ടറാവരുത് എന്നൊക്കെ. ആദ്യകാലത്തെ ചില സിനിമകളിലൊക്കെ മോശമായെന്നുള്ള റിവ്യുവൊക്കെ വായിച്ചിട്ടുണ്ട്. പക്ഷേ തനിക്കു കേള്‍ക്കാനിഷ്ടം കഴിഞ്ഞ സിനിമയിലേതിനേക്കാള്‍ ഈ സിനിമയില്‍ നന്നായിട്ടുണ്ടെന്നാണ്. അങ്ങനെ കേള്‍ക്കുന്നുണ്ടെങ്കില്‍ എന്റെ ജോലി ഞാന്‍ വൃത്തിയായിട്ടു ചെയ്യുന്നുവെന്നു തോന്നും. അതാണ് എന്റെ ലക്ഷ്യവും, ദുല്‍ഖര്‍ വ്യക്തമാക്കി.
Leave a Reply