Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ടി.പി സെന്‍കുമാര്‍ നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു.
ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹം 11 ദിവസം മുന്‍പിറക്കിയ രണ്ടു സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒന്‍പതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെന്‍കുമാര്‍ ഉത്തരവിട്ടത്. ഇതില്‍ ബീനയ്ക്കു പകരം സി.എസ് സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാല്‍ അദ്ദേഹം ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയര്‍ സൂപ്രണ്ടിനെ അവിടെ നിയമിക്കുകയായിരുന്നു.
കുമാരി ബീനയെ പേരൂര്‍ക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയര്‍ സൂപ്രണ്ടുമാരെയാണു സെന്‍കുമാര്‍ മാറ്റിയത്. എന്നാല്‍ അടുത്ത ദിവസം തന്നെ ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കി.
പുറ്റിങ്ങല്‍, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ നല്‍കാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി.
തുടര്‍ന്നു മുഖ്യമന്ത്രിയുടെ ഓഫീസ് സെന്‍കുമാറിനെ ബന്ധപ്പെട്ടു തല്‍ക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബീന, ടി ബ്രാഞ്ചില്‍ തുടര്‍ന്നു. അവര്‍ക്കൊപ്പം മാറ്റിയവര്‍ പൊലീസ് ആസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫീസ് മാനേജരുടെ നിര്‍ദേശം. അവരും പഴയ സ്ഥലങ്ങളില്‍ ചുമതലയേറ്റു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ ആദ്യ സ്ഥലംമാറ്റ ഉത്തരവില്‍ ഉള്‍പ്പെട്ട രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവിറക്കിയത്. സുരേഷ് കൃഷ്ണ, സതി കുമാര്‍ എന്നിവരെ കെ, ആര്‍ ബ്രാഞ്ചുകളിലാണു നിയമിച്ചത്.
എന്നാല്‍ രാവിലെ ഉത്തരവിറങ്ങിയതു നിമിഷങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി. തുടര്‍ന്നു വൈകുന്നേരത്തോടെ സെന്‍കുമാര്‍ ഒന്‍പതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിടുകയായിരുന്നു.
Leave a Reply