Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വ്യാജമരണവാര്‍ത്തകള്‍ ഈയിടെയായി വ്യാപകമാണ്. സോഷ്യല്‍മീഡിയയുടെ അതിപ്രസരം തന്നെയാണിതിന് കാരണം. സിനിമാ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടാണ് ഇത് കൂടുതലും. ഇന്നസെന്റ്, മാമുക്കോയ എന്നവരെല്ലാം ഇതിന്റെ ഇരകളാണ്. ഒടുവില്‍ സിനിമാ-മിമിക്രി കലാകാരന്‍ സാജന്‍ പള്ളുരുത്തിയുടെ പേരിലും വ്യാജമരണ വാര്‍ത്ത പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ സംഭവിച്ച രസകരവും അല്ലാത്തതുമായ കാര്യങ്ങള്‍ സാജന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മാതൃഭൂമിക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലും, ടി.വി.ചാനലിലും പ്രചരിക്കുന്നത് ചിരിച്ചുകൊണ്ട് കണ്ട് നില്‍ക്കുകയായിരുന്നു സാജന്‍ അന്ന്. കോലഞ്ചേരിയില്‍ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് സാജന്‍ പറയുന്നു.
തിരുവല്ലം സ്വദേശിയായ ഒരു ആരാധകനാണ് തന്റെ മരണ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് സാജന്‍ പറയുന്നു. ‘മിമിക്രി താരവും, ചലച്ചിത്ര നടനുമായ സാജന്‍ പള്ളുരുത്തി മരിച്ചു’ എന്നായിരുന്നു വാര്‍ത്ത. അയാളെ പറഞ്ഞിട്ട് കാര്യമില്ല. യഥാര്‍ഥത്തില്‍ കലാഭവന്‍ സാജനാണ് മരിച്ചത്. ഫേസ്ബുക്കില്‍ മരണവാര്‍ത്ത പോസ്റ്റ് ചെയ്തയാള്‍ക്ക് പക്ഷെ ഒരൊറ്റ സാജനെ മാത്രമെ അറിയൂ. അത് താനാണ്. മിമിക്രി എന്നും സാജനെന്നും കേട്ടപ്പോള്‍ അയാള്‍ തന്റെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു.
ഇതറിഞ്ഞ് താന്‍ ഉടന്‍ തന്നെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയോട് കാര്യം പറഞ്ഞു. വീട്ടില്‍ തന്നെയിരുന്ന് ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ഏല്‍പ്പിച്ചുവെന്നും സാജന്‍ പറഞ്ഞു. ഷൂട്ടിങ് നടക്കുന്നതിനാല്‍ ഫോണില്‍ കൃത്യമായി പ്രതികരിക്കാനും ബുദ്ധിമുട്ടുണ്ടായി. മൊബൈല്‍ ഫോണ്‍ മറ്റൊരാളെ ഏല്‍പ്പിച്ചു. മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് തപ്പിയും തടഞ്ഞുമാണ് അയാള്‍ സംസാരിച്ചതത്രേ. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി.
ഒടുവില്‍ ഫോണ്‍ എടുത്ത് എല്ലാവരോടും കൃത്യമായി കാര്യം പറയാന്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ളവര്‍ നിര്‍ദേശിച്ചു. ‘ഈ ലോകത്ത് എനിക്കാരൊക്കെയുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. ചിലര്‍ ഫോണില്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് എന്റെ ഹലോ എന്നുള്ള വിളി മാത്രം കേട്ടാല്‍ മതിയായിരുന്നു. ഒട്ടേറെ പേര്‍ എന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ ‘ശരി വെറുതെ വിളിച്ചതാ’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു, സാജന്‍ പറയുന്നു.
സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ തന്റെ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്ത പാടെ ആരാണെന്നായിരുന്നു ചോദ്യം. കാര്യം പിടികിട്ടി. അവന്റെ ഫോണില്‍ നിന്ന് തന്റെ പേര് മായ്ച്ചിരിക്കുന്നു. താന്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ തന്നെ ഫോണില്‍ നിന്ന് പേര് ഡിലീറ്റ് ചെയ്ത നല്ല കൂട്ടുകാരന്‍. ഇനി അവനോട് എന്തു സംസാരിക്കാന്‍. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു, സാജന്‍ വിവരിച്ചു.
നടി സുരഭിയും വിവരമറിഞ്ഞ് വിളിച്ചിരുന്നു. ‘അത് നിങ്ങളാകല്ലേ എന്നു ഞാന്‍ പ്രാര്‍ഥിച്ചു.’ എന്നാണ് സുരഭി പറഞ്ഞത്. നെഞ്ചില്‍ തട്ടിയ വാക്കുകള്‍’ ഒരു മാസം മുമ്പ് ഒരു ദിവസം പുലര്‍ച്ചെ സുരഭി വിളിച്ചിരുന്നു. അതും ഒരു മരണത്തിന്റെ കാര്യം പറയാനായിരുന്നു. രാത്രി സുരഭി ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ കണ്ടത് മരിച്ചു കിടക്കുന്ന സാജനെ. പിന്നെ ഉറങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. രാത്രിയുടെ അവസാന യാമത്തില്‍ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ടത്രേ. നേരം വെളുത്തപ്പോള്‍ത്തന്നെ സാജനെ വിളിച്ച് അവര്‍ കാര്യം പറഞ്ഞു. ഈ സ്വപ്നം കാര്യമാക്കേണ്ടെന്ന് ആശ്വസിപ്പിക്കുകയും ചെയ്തു.
ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് ശത്രുക്കളെക്കുറിച്ച് അറിയാനാവും. എല്ലാവരും ഇതുപോലെ ഒരു തവണയെങ്കിലും മരിക്കണം. അപ്പോഴാണ് നമ്മുടെ യഥാര്‍ഥ മിത്രങ്ങളെ തിരിച്ചറിയാനാകുകയെന്ന് സാജന്‍ പറയുന്നു.
ഇതുവരെ താന്‍ കാണാത്ത, കേട്ടിട്ടില്ലാത്ത എത്രയോ പേര്‍ വിളിച്ചു. വിവരമറിഞ്ഞപ്പോള്‍ തന്നെ തന്റെ വീട്ടിലെത്തി. വീട്ടുകാരോട് ഒന്നും പറയാതെ കാര്യങ്ങള്‍ അന്വേഷിച്ചവരെ മറക്കാനാവില്ലെന്നും സാജന്‍ പറയുന്നു.
Leave a Reply