Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട ദിവസവും അതിന്റെ പിറ്റേന്നും നടന്‍ ദിലീപ് നടനും എം.എല്‍.എയുമായ മുകേഷിനെ വിളിച്ചത് അമ്പത് തവണയെന്ന് സൂചന. ഇരുവരും തമ്മിലുള്ള ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ തേടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഈ കോളുകളുടെ സമയ ദൈര്‍ഘ്യം, എന്താണ് ചര്‍ച്ച ചെയ്തത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ ഇക്കാര്യങ്ങള്‍ പൊലീസിന് ചോദിച്ചറിയാനാകും എന്നാണ് സൂചന.
എന്നാല്‍ ദിലീപിന് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയത് താനല്ലെന്ന് മുകേഷ് വ്യക്തമാക്കി. തന്നെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുകേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നതിനാലാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
ദിലീപ് നായകനായ ‘സൗണ്ട് തോമ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇതിനുപുറമേ 2013ലെ അമ്മ ഷോയുടെ സമയത്ത് മുകേഷിന്റെ ഡ്രൈവറായി സുനി എത്തിയിരുന്നു.
ദിലീപുമായി സുനി അടുത്തതും ആദ്യ ഗൂഢാലോചന നടന്നതും ഇക്കാലത്താണ്. ഈ സാഹചര്യത്തിലാണ് മുകേഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
തന്റെ ഡ്രൈവറായി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ പിന്നീട് മുകേഷ് ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. സുനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നുമായിരുന്നു മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
Leave a Reply