Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനായി നടന്‍ ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന ആരോപണവുമായി പ്രവാസി യുവാവ്.
കോഴിക്കോട് വടകര സ്വദേശി ജാസിറാണ് ദിലീപ് തന്നെ ഇമേജ് വര്‍ദ്ധിപ്പിക്കാനായി ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ദുബായില്‍ വെച്ച് അപകടത്തില്‍ പരുക്കേറ്റ ജാസിറിനെ ദിലീപ് സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് ജാസിര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദുബായില്‍ വെച്ചാണ് അപകടമുണ്ടായത്. ദുബായില്‍ ഒരു കഫെറ്റീരിയയില്‍ ഡെലിവെറി ബോയ് ആയി ജോലി ചെയ്യുകയായിരുന്ന ജാസിറിന്റെ ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു.
ഒരു ദിവസം ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോള്‍, ജാസിറിന്റെ ബൈക്കില്‍ ഒരു ഫോര്‍ വീലറിടിച്ചു നിര്‍ത്താതെ പോയി. റോഡരികിലേയ്ക്ക് തെറിച്ചുവീണ ജാസിറിന്റെ കാലിന് പരുക്കേറ്റു. എണീറ്റ് നില്‍ക്കാനാകാതെ വഴിയരികില്‍ കിടന്ന ജാസിറിനെ അതുവഴി വാഹനത്തില്‍ വരികയായിരുന്ന ദിലീപും സുഹൃത്തും ചേര്‍ന്ന് എണീപ്പിച്ചു തങ്ങളുടെ വാഹനത്തിലിരുത്തി. തുടര്‍ന്ന് പൊലീസെത്തി ജാസിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവങ്ങളെല്ലാം ദിലീപിന്റെ സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചതിനെ തുടര്‍ന്ന് വലിയ വാര്‍ത്തയായി. പിന്നാലെ ദിലീപ് മലയാളി യുവാവിനെ രക്ഷിച്ചു എന്ന വാര്‍ത്തകള്‍ വൈറലായി. ദിലീപിന്റെ സഹജീവി സ്നേഹത്തെ പ്രകീര്‍ത്തിച്ചുള്ള വാര്‍ത്തകള്‍ നാട്ടിലും പുറത്തുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയും പ്രശംസിക്കുകയും ചെയ്തു.
മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്ന് പറയാന്‍ നിര്‍ദ്ദേശം വന്നു. ദിലീപാണ് ഇഷ്ടനാകനെന്നും പറയിപ്പിച്ചു. ഇഷ്ടനായകന്‍ മമ്മൂട്ടി ആയിരുന്നിട്ടും താന്‍ അവര്‍ പറഞ്ഞത് തന്നെ പറഞ്ഞെന്ന് ജാസിര്‍ പറയുന്നു. പിന്നീട് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ കാണാനെത്തി ‘കിങ് ലയറിന്റെ’ സെറ്റിലെ പാര്‍ട്ടിക്ക് ക്ഷണിച്ചു.
ജുമൈറയില്‍ വെച്ച് നടന്ന പാര്‍ട്ടിക്കിടെ ദിലീപ് തന്റെ വിവരങ്ങള്‍ ചോദിച്ച ശേഷം കഫെറ്റീരിയയിലെ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞെന്ന് ജാസിര്‍ പറയുന്നു. കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി ദിലീപ് വാഗ്ദാനം ചെയ്തതോടെ ജാസിര്‍ ഉള്ള ജോലി കളഞ്ഞ് വിസ റദ്ദാക്കി നാട്ടിലെത്തി.
നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ ‘ദേ പുട്ടി’ല്‍ ചെന്നു അന്വേഷിച്ചു. അവിടെ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ നമ്പര്‍ ലഭിച്ചു. അതില്‍ വിളിച്ചപ്പോള്‍, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു.
ഒടുവില്‍ അജ്മാന്‍ ഫ്രീ സോണിലെ സ്‌പോണ്‍സറുടെ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1500 ദിര്‍ഹമായിരുന്നു ശമ്പളം. താമസ സ്ഥലം ലഭിക്കുമെങ്കിലും ഭക്ഷണച്ചെലവ് ഈ തുകയില്‍ നിന്ന് കണ്ടെത്തണമായിരുന്നു. മാസം നാലായിരത്തോളം ദിര്‍ഹം ലഭിക്കുന്ന ജോലി കളഞ്ഞെത്തിയ എനിക്ക് എല്ലാ മാസവും ബാക്കിയാകുക 1000 ദിര്‍ഹം മാത്രം.
ഡ്രൈവിങ് ലൈസന്‍സ് എടുത്തു തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനിയധികൃതര്‍ ഒഴിഞ്ഞുമാറി. സ്‌പോണ്‍സറോട് വിഷമം പറയാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ പോലും സാധിച്ചില്ല. തുടര്‍ന്ന് കാര്യം പന്തിയല്ലെന്ന് കണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. ഇതോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ കളിയാക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും വീണ്ടും ദുബായിലെത്തി പഴയ ജോലി തിരികെ ലഭിക്കണമെന്നായി ചിന്ത. സഹോദരിയുടെ വിവാഹം അടുത്തു വരുന്നതിനാല്‍ കുറേയേറെ പണം അത്യാവശ്യമായിരുന്നു.
പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദര്‍ശക വീസയില്‍ മൂന്ന് മാസം മുന്‍പ് ദുബായിലെത്തി. പഴയ ജോലി ലഭിച്ചില്ല. റാഷിദിയ്യയിലെ ഒരു കഫെറ്റീരയയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. എന്നാല്‍, പണ്ട് കിട്ടിയിരുന്നത്ര വരുമാനം ഇപ്പോള്‍ എത്ര പരിശ്രമിച്ചിട്ടും സാധ്യമാകുന്നില്ല.
അന്നത്തെ ജോലിയില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടില്‍ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടര്‍ന്നിരുന്നെങ്കില്‍ അവിടെ ഒരു വീട് വയ്ക്കാന്‍ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചത്? എന്തിനായിരുന്നു എന്റെ വിലയേറിയ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയത്?ജാസിര്‍ ചോദിക്കുന്നു.
”ദിലീപിനെ നേരിട്ട് കണ്ടിരുന്നെങ്കില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു എനിക്ക്. എന്തിനായിരുന്നു പ്രതിമാസം ആയിരത്തോളം ദിര്‍ഹം ടിപ്‌സ് അടക്കം നാലായിരത്തോളം ദിര്‍ഹം സമ്പാദിക്കാന്‍ സാധിച്ചിരുന്ന ജോലി രാജിവയ്പിച്ചത്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയില്‍ കയറ്റി കഷ്ടപ്പാടിലാക്കിയത്. എന്തുകൊണ്ടാണ് തന്റെ ഫോണ്‍ കോളുകള്‍ക്ക് പോലും മറുപടി നല്‍കാത്തത്. ഇതിന് മറുപടി പറയാന്‍ ദിലീപും ദുബായിലെ സുഹൃത്തും ബാധ്യസ്ഥരാണ്”, ജാസിര്‍ പറയുന്നു.
Leave a Reply