Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 3:35 am

Menu

Published on August 17, 2017 at 11:39 am

വിജയ്-സൂര്യ ആരാധകര്‍ മൂലം പുലിവാല് പിടിച്ച് നടി അനുശ്രീ

anusree-explains-her-facebook-post-on-vijay-and-surya

വിജയ്-സൂര്യ ആരാധകരുടെ തമ്മിലടി മൂലം പുലിവാല് പിടിച്ച അവസ്ഥയിലാണ് നടി അനുശ്രീ. കടുത്ത സൂര്യ ആരാധികയായ അനുശ്രീ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിജയ് ആരാധകരെ ചൊടിപ്പിച്ചത്.

സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരിസൈമണ്‍ എന്ന ചിത്രം വിജയ് ആരാധകരുടെ കഥയാണ്. വിജയ്യുടെ വലിയ ഫ്‌ളക്‌സിനു മുന്നില്‍ നില്‍ക്കുന്ന സണ്ണി വെയ്‌ന്റെ ഒരു ചിത്രവും സൂര്യയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്ന ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കില്‍ ഇതു റിയല്‍ ലൈഫ് ആണെന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയ കുറിപ്പ്.

എന്നാല്‍ ഇതിനു പിന്നാലെ ചിത്രത്തിനു താഴെ വിജയ് ഫാന്‍സ് ട്രോളുമായി എത്തി. നടനും കടുത്ത വിജയ് ആരാധകനുമായ ബിനീഷ് ബാസ്റ്റിനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒടുക്കം ഫാന്‍ഫൈറ്റിലേക്ക് വിഷയം കടന്നതോടെ അവസാനും നടി തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇതുകൊണ്ടും അനുശ്രീക്കെതിരായ ട്രോളുകള്‍ക്ക് അവസാനം ഉണ്ടായില്ല.

തുടര്‍ന്ന് വിഷയത്തില്‍ ലൈവ് വിഡിയോയിലൂടെ പ്രതികരണവുമായി അനുശ്രീ തന്നെ രംഗത്തെത്തി. വിജയ് ആരാധകരെ വേദനിപ്പിക്കാനോ വിജയ്യെ താഴ്ത്തിക്കെട്ടാനോ അല്ല ശ്രമിച്ചതെന്ന് അനുശ്രീ പറഞ്ഞു. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് എല്ലാവരും പറഞ്ഞുണ്ടാക്കിയതെന്നും ആരോ ഒരാള്‍ അയച്ചുതന്നൊരു പോസ്റ്റ് താന്‍ ഷെയര്‍ ചെയ്യുക മാത്രമായിരുന്നുവെന്നും നടി പറയുന്നു.

വിജയ് സാറിനെപ്പോലുള്ള ഒരു നടനെ വില കുറച്ച് കാണിക്കാന്‍ താന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന് മനസ്സില്‍ എവിടെയെങ്കിലും ഒരു ചിന്ത വന്നിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. നിങ്ങള്‍ കരുതുന്നതുപോലെ ചിന്തിച്ചിട്ടുപോലുമില്ലെന്നും ആരെങ്കിലും അങ്ങനെ ഓര്‍ത്തെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

വിജയ്‌നെ താഴ്ത്തിക്കെട്ടുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ കണ്ടിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. വിജയ് സാര്‍ ഒരുമഹാനടന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ സിനിമകളും കണ്ടാണ് താന്‍ വളര്‍ന്നത്. ഒരു വ്യക്തി എന്ന നിലയില്‍ താനൊരു സൂര്യ ഫാനാണ്. എന്തോ പണ്ടു മുതലേ അദ്ദേഹത്തിനെ ഇഷ്ടമാണ്. പക്ഷെ വിജയ് സാറിനെയും സൂര്യ സാറിനെയും താരതമ്യം ചെയ്യുന്നതിനേക്കുറിച്ച് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ലെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

താനൊരു വിജയ് ഫാനാണെന്ന് പോക്കിരി സൈമണില്‍ നായകനായ സണ്ണി വെയ്ന്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ തന്റെ റിയല്‍ ലൈഫില്‍ ഇങ്ങനെയാണ് എന്ന് പറയാന്‍ മാത്രമാണുദ്ദേശിച്ചത്. കമന്റുകള്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊരു അര്‍ത്ഥം കൂടി ഉണ്ടോ എന്ന് ചിന്തിച്ചതെന്നും അനുശ്രീ പറഞ്ഞു.

നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ താനില്ല. എന്റെ സിനിമകള്‍ തിയറ്ററില്‍ വരുമ്പോള്‍ കൂവിയിട്ടുണ്ടെങ്കില്‍ പിന്നെ അഭിനയിച്ചിട്ട് കാര്യമില്ല. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഇതുവരെയെത്തിയത്. ഇനിയും അത് വേണം. ഈ സംഭവം കാരണം അത് ഇല്ലാതാവരുതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News