Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 5:01 pm

Menu

Published on May 6, 2013 at 5:41 am

മുംബൈയിലെ യു.എസ് കോണ്‍സുലേറ്റിന് ബോംബ് ഭീഷണി

bomb-threat-in-mumbai-u-s-consulate

മുംബൈ: ജൂലായ് 21ന് മുംബൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. കോണ്‍സുലേറ്റ് ജനറലിനും കൊല്‍ക്കത്തയിലെ അമേരിക്കന്‍ കേന്ദ്രത്തിനും ലഭിച്ച ഊമ കത്തിലാണ് ഭീഷണി. വെസ്‌റ്റേണ്‍ നേവല്‍ കമ്മാന്‍ഡിന്റെ ആസ്ഥാനമാണ് ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് മുംബൈ പോലീസിന് കൈമാറിയത്.

ഊമക്കത്തിന്റെ മുകള്‍ ഭാഗത്ത് അല്‍ ജിഹാദ് എന്നെഴുതിയിട്ടുണ്ട്. ഇത് ഒരു സംഘടനയുടെ പേരോ ലോഗോയോ ആണെന്നാണ് കരുതുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും അമേരിക്കക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്നും കത്തില്‍ പറയുന്നു. ഹൈദരാബാദിലെയും ബംഗളൂരുവിലെയും മുംബൈയിലെയും റെയില്‍വേസ്‌റ്റേഷനുകള്‍ അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്തുമെന്നും കത്തില്‍ പറയുന്നുണ്ട്.

ആക്രമണം നടത്താന്‍ ജൂലായ് 21എന്ന പ്രത്യേക തീയ്യതി തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമല്ല. അല്‍ജിഹാദ് എന്ന സംഘടനയെക്കുറിച്ച് ഇതുവരെ അറിവൊന്നുമില്ലെങ്കിലും കത്തിനെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. ജര്‍മന്‍ ബേക്കറി സ്‌ഫോടന കേസില്‍ ഹിമായത്ത് മിര്‍സാ ബെയ്ഗിന് വധശിക്ഷ നല്‍കിയതിന് ഇന്ത്യന്‍ മുജാഹിദീന്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡൂം (എ.ടി.എസ്) സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

നാസിക് പൊലീസ് അക്കാദമി, ദിയോലലി ആര്‍മി കന്റോണ്‍മെന്റ്, ഓഷോ ആശ്രമം, എ.ബി.സി ഫാം, ഹാര്‍ഡ് റോക്ക് കഫെ, ഓക്ക്‌വുഡ് ഹോട്ടല്‍, ജെ.എം റോഡ്, പൂണെ നോര്‍ത്ത് മെയിന്‍ റോഡ്, ഗോള്‍ഡ് ആഡ്‌ലാബ്‌സ്, നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം എന്നീ സ്ഥലങ്ങളാണ് തീവ്രവാദികളുടെ ലക്ഷ്യ സ്ഥലങ്ങളെന്നാണ് സംശയിക്കപ്പെടുന്നത്. ലഷ്‌ക്കറെ ത്വയ്ബക്ക് വേണ്ടി പ്രവര്‍ത്തിച്ച സി.ഐ.എ ചാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയതതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. മേല്‍പറഞ്ഞ സ്ഥലങ്ങളിലെല്ലാം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ഭീഷണിക്കത്തിന്റെ ആധികാരികത സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇത്തരം വിവരം ലഭിച്ചാല്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ട ജോലി തങ്ങള്‍ക്കുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News