Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രതിസന്ധികള്‍ അവസാനിച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനം. ചൂലുമായി അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതി യോഗമാണ് സുപ്രധാന രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്.വ്യാഴാഴ്ച ജന്ദര്‍മന്തറിലായിരിക്കും കെജ്‌രിവാള്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയെന്നാണ് സൂചന. 75 ശതമാനത്തിലധികം പേര്‍ സര്‍ക്കാരുണ്ടാക്കണമെന്ന് അഭിപ്രായപ്പെട്ടുവെന്ന് കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, രാഖി ബിര്‍ള, വിനോദ് കുമാര്‍ ബിന്നി എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചനകള്‍.രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും പിന്തള്ളിയാണ് തിരഞ്ഞെടുപ്പ് രംഗത്തെ കന്നിക്കാരായ ആം ആദ്മി ഡല്‍ഹിയുടെ ഭരണത്തിലേറുന്നത്. ചൂല് തിരഞ്ഞെടുപ്പ് ചിഹ്നമാക്കി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ 28 സീറ്റുമായി അപ്രതീക്ഷിത മുന്നേറ്റമാണ് ആം ആദ്മി കാഴ്ചവെച്ചത്. ഒരു പാര്‍ട്ടി ജന്മമെടുത്ത് കന്നിയങ്കത്തില്‍ തന്നെ ഒരു സംസ്ഥാനത്തിന്റെ ഭരണം പിടിക്കുന്ന മൂന്നാമത്തെ പാര്‍ട്ടിയായി ആം ആദ്മി.തെലുങ്ക് സിനിമയിലെ മുടിചൂടാമന്നനായ എന്‍.ടി. രാമറാവുവാണ് തെലുങ്ക് ദേശം എന്ന പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി ആദ്യവട്ടം തന്നെ ഭരണം പിടിച്ച് ആന്ധ്ര മുഖ്യമന്ത്രിയായത്. പ്രഫുല്ലകുമാര്‍ മൊഹന്തയുടെ നേതൃത്വത്തില്‍ അസം ഗണപരിഷത്തം പരിഷത്തും കന്നിപ്പോരാട്ടത്തില്‍ തന്നെ ഭരണത്തിലേറി.തിരഞ്ഞെടുപ്പ് ഗോദയില്‍ നടത്തിയ പ്രഖ്യാപനങ്ങളും അഴിമതിക്കെതിരെ ജനലോക്പാല്‍ പാസാക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രാധാന തീരുമാനം നടപ്പാക്കുക എന്ന കടുത്ത വെല്ലുവിളിയാണ് ആം ആദ്മിയേയും കെജ് രിവാളിനേയും കാത്തിരിക്കുന്നത്.5.25 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് ആം ആദ്മി അവകാശപ്പെടുന്ന ജനഹിത പരിശോധനയില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. എഴുപതംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 36 സീറ്റ് ആര്‍ക്കും ലഭിച്ചില്ല. ഏറ്റവുംകൂടുതല്‍ സീറ്റ് ലഭിച്ച ബി.ജെ.പി. (31) സര്‍ക്കാറുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് 28 സീറ്റുള്ള എ.എ.പി.യെ ലഫ്. ഗവര്‍ണര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. എട്ടു സീറ്റുള്ള കോണ്‍ഗ്രസ് എ.എ.പി.ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഡിസംബര്‍ 29-ന് രാംലീല മൈതാനത്ത് നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിച്ച് ജനലോക്പാല്‍ ബില്‍ പാസാക്കുമെന്നും എ.എ.പി. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.
Leave a Reply