Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.
നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സിനിമാ മേഖലയില്‍നിന്നുതന്നെയുള്ള മൂന്നു പേര്‍കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീച്ചിട്ടില്ല.
അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. ദിലീപിനെ ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കും. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ കഥയാകെ മാറി.
ദേശീയതലത്തില്‍ത്തന്നെ കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ കസ്റ്റഡിയില്‍ എടുത്ത ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അതിക്രമത്തിന് ഇരയായ നടിയുടെ കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.
Leave a Reply