Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് സേനയ്ക്കുള്ളില്‍തന്നെ ശ്രമം നടക്കുന്നതായി ആക്ഷേപം.
നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍തന്നെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അന്വേഷണ സംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.
ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. ഇതിനു പിന്നാലെയാണു വ്യാഴാഴ്ച നടന്‍ ദിലീപിന്റെ ആദ്യഭാര്യയെക്കുറിച്ച് അന്വേഷണം നടക്കുന്നെന്ന വാര്‍ത്തകഴും പ്രത്യക്ഷപ്പെട്ടത്.
ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രചാരണം കേസന്വേഷണത്തെ ബാധിച്ചതായി ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. അന്വേഷണത്തെ ബാധിക്കുന്ന രീതിയില്‍ സേനയ്ക്കുള്ളില്‍നിന്നു നീക്കങ്ങളുണ്ടാകുന്നതായി എ.ഡി.ജി.പി ബി.സന്ധ്യയും ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന റിപ്പോര്‍ട്ട് അതീവ ഗൗരവത്തോടെയാണു പൊലീസ് കാണുന്നത്. അന്വേഷണത്തെ അട്ടിമറിക്കുക, ചില ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കുക എന്നീ ലക്ഷ്യത്തോടെയാണു ഈ വാര്‍ത്ത പ്രചരിച്ചതെന്നാണു പ്രാഥമിക നിഗമനം.
ദിലീപിന്റെ കുടുംബവുമായി ബന്ധപ്പെട്ടു വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അന്വേഷണ സംഘത്തിനു കടുത്ത അതൃപ്തിയാണുള്ളത്. യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാന്‍ മാത്രമേ ഇത്തരം പ്രചരണം ഉപകരിക്കൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദിലീപിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നതായി വരുത്തിതീര്‍ക്കാനാണോ ഇത്തരം പ്രചാരണങ്ങളെന്നും സംശയമുണ്ട്.
ദിലീപിന്റെ മുന്‍ വിവാഹത്തെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നതായാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, അന്വേഷണസംഘം ഇതു നിഷേധിക്കുന്നു. തികച്ചും തെറ്റായ പ്രചാരണമാണത്. അന്വേഷണവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്തിനു പൊലീസ് അന്വേഷിക്കണം. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കു മറുപടി പറയേണ്ട ബാധ്യത പൊലീസിനില്ലെന്നുമാണ് അന്വേഷണ സംഘത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഒരു ‘മാഡം’ ഉണ്ടെന്നും ഇല്ലെന്നുമുള്ള തരത്തില്‍ നടന്ന പ്രചാരണമാണു സേനയില്‍തന്നെ അതൃപ്തിയുണ്ടാക്കിയ മറ്റൊരു കാര്യം. കേസില്‍ ഒരു ‘മാഡത്തിന്റെ’ ഇടപെടല്‍ നടന്നതായി ആദ്യം വെളിപ്പെടുത്തുന്നത് അഡ്വ. ഫെനി ബാലകൃഷ്ണനാണ്.
‘മാഡം’ ദിലീപിന്റെ അടുത്ത ബന്ധുവാണെന്നും അവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രചാരണമുണ്ടായി. പൊലീസിലെ ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലെന്ന് അന്വേഷണസംഘം പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തെറ്റിദ്ധാരണകള്‍ മാറുമെന്നും അവര്‍ വ്യക്തമാക്കുന്നു.
Leave a Reply