Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 9, 2026 5:21 am

Menu

Published on July 5, 2017 at 10:42 am

നടിക്കെതിരായ അതിക്രമം; ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാനെന്നു റിപ്പോര്‍ട്ട്

actress-attacked-case-pulsar-suni-new-revelation

കൊച്ചി: നടിയെ ആക്രമണത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്.

ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചു നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ പ്രതി പള്‍സര്‍ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു.

പ്രതിശ്രുത വരന്‍ നല്‍കിയ വിവാഹ വാഗ്ദാന മോതിരം ഉള്‍പ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വേണമെന്നു ക്വട്ടേഷന്‍ നല്‍കിയ വ്യക്തി നിര്‍ബന്ധം പിടിച്ചുവെന്നാണ് പള്‍സര്‍ സുനി നല്‍കിയ മൊഴി.

വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷന്‍ നല്‍കിയ വ്യക്തിക്കുള്ള ലാഭമെന്തെന്നു പൊലീസ് പരിശോധിക്കുകയാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിക്രമത്തിന് ഇരയായ നടിയുടെ അഭിനയ വ്യക്തി ജീവിതങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ എന്നിവരെ ചോദ്യം ചെയ്താല്‍ വ്യക്തമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഇവര്‍ കുറ്റം ചെയ്തതിനുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍, നാദിര്‍ഷയുടെ ചോദ്യം ചെയ്യലിനോടുള്ള നിസ്സഹകരണവും സുനിലുമായുള്ള മുന്‍പരിചയം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു ദിലീപ് പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

ഇതോടെയാണ് ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടുപോയത്. ദിലീപുമായി സുനിലിനു മുന്‍പരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകള്‍ പല ഭാഗത്തു നിന്നും ലഭിച്ചതാണ് അന്വേഷണ സംഘം ദിലീപിനെ സംശയിക്കാനിടയായത്.

അതിക്രമത്തിന് ഇരയായ നടിയോടു വ്യക്തിപരമായി ശത്രുതയുള്ള ഒന്നിലധികം പേര്‍ മലയാള സിനിമാരംഗത്തുണ്ടെന്ന സൂചനയാണ് പൊലീസിനു തലവേദനയാകുന്നത്. ക്വട്ടേഷന്‍ യഥാര്‍ഥത്തില്‍ ആര്‍ക്കുവേണ്ടിയായിരുന്നു, ഒന്നിലധികം പേരുടെ താല്‍പര്യ പ്രകാരമാണോ സുനിലും സംഘവും കുറ്റകൃത്യം ചെയ്തത്, ക്വട്ടേഷന്റെ മറവില്‍ നടിയെ നേരിട്ടു ബ്ലാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ സുനില്‍ സ്വന്തം നിലയില്‍ നീങ്ങിയിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നതോടെ മാത്രം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചന.

അതിനിടെ കേസില്‍ ആരോപണവിധേയരായവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കേസിലെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആലുവയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോസ്ഥരുടെ യോഗത്തിലാണു ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ചോദ്യം ചെയ്യലിനു ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കൂ എന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News