Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 6:51 am

Menu

Published on July 13, 2017 at 4:23 pm

ദിലീപുമായി വ്യക്തിപരമായി പ്രശ്‌നമുണ്ട്; വസ്തു ഇടപാടുകളോ പണമിടപാടുകളോ ഇല്ല: നടി

actress-response-on-dileep-arrest-dileep-actress-molestation-case

തൃശൂര്‍: ദിലീപുമായുണ്ടായിരുന്ന ചില ഭൂമിയിടപാടുകളാണ് തനിക്കെതിരായ അതിക്രമത്തിന് കാരണമായതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇരയായ നടി രംഗത്ത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടനുമായി തനിക്ക് യാതൊരുവിധത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഇല്ലെന്ന് നടി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിലാണ് ദിലീപിന്റെ പേര് പറയാതെ നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത് നേരത്തെ ശ്രദ്ധിച്ചിരുന്നെങ്കിലും, അതില്‍ വാസ്തവമില്ലാത്തതിനാല്‍ വാര്‍ത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. ഇപ്പോഴും ഈ വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും നടി വ്യക്തമാക്കുന്നു.

ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ച് തൃപ്തിപ്പെട്ടാല്‍ മതി. അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. പൊലീസിനോട് ഒരാളുടെ പേര് പോലും താന്‍ പറഞ്ഞിട്ടില്ലെന്നും ചാനലില്‍ വന്നിരുന്ന് വിശദീകരിക്കാനുള്ള മാനസികാവസ്ഥയിലല്ലാത്തതുകൊണ്ടാണ് വീണ്ടും ഇത്തരമൊരു കുറിപ്പ് പുറത്തിറക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

നടിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം…………

 

സുഹൃത്തുക്കളെ…

ഒരു ചാനലില്‍ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോള്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വളരെ നിര്‍ഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നു. അത് ഞാന്‍ സത്യസന്ധതയോടെ കേരള പൊലീസിനെ അറിയിക്കുകയും അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. ഒരു പേരുപോലും എവിടെയും സൂചിപ്പിച്ചിട്ടില്ല. ഇത് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാന്‍. ഞങ്ങള്‍ തമ്മില്‍ പിന്നീട് ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ.

ആ വ്യക്തിയുടെ അറസ്റ്റുമായുള്ള വിവരങ്ങള്‍ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിക്ക് എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാന്‍ കഴിഞ്ഞത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കില്‍ അതെത്രയും പെട്ടെന്ന് പുറത്തുവരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതും എത്രയും പെട്ടെന്ന് തെളിയട്ടെ.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ഈ സംഭവം നടന്നതില്‍ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം ഞാനും ഈ നടനും തമ്മില്‍ വസ്തു ഇടപാടുകള്‍ ഉണ്ടെന്നുള്ളതാണ്. അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങള്‍ തമ്മിലില്ല. ഇത് ഞാന്‍ മുന്‍പ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കില്‍ അതിനുള്ള ഉത്തരം അതില്‍ ഒരു സത്യാവസ്ഥയും ഇല്ലാത്തതുകൊണ്ട് ആ വാര്‍ത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയതുകൊണ്ടാണ്. ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നതു കൊണ്ടു പറയണമെന്നു തോന്നി. ഇത് അന്വേഷണോദ്യോഗസ്ഥര്‍ക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാല്‍ മതി.

അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. സമൂഹമാധ്യങ്ങളില്‍ ഞാനില്ലാത്തതുകൊണ്ട് എന്റെ പേരില്‍ പ്രചരിക്കുന്ന ഓരോ വിഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാന്‍ വ്യക്തമാക്കുന്നു. ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാര്‍ഥതയോടെ ആഗ്രഹിക്കുന്നു പ്രാര്‍ഥിക്കുന്നു.

(പേര്)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News