Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടന്‍ അജു വര്‍ഗീസ് തന്റെ പേര് പരാമര്‍ശിച്ചു കൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റ് ദുരുദ്ദേശപരമല്ലെന്നും അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആക്രമിക്കപ്പെട്ട നടി. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ അജു വര്‍ഗീസിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന് സ്റ്റേ ഉത്തരവ് നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതു കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും വ്യക്തമാക്കി.
അതേസമയം, കേസില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് പരാതിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന് ഹൈക്കോടതി നോട്ടിസ് അയച്ചു.
കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ സത്യവാങ്മൂലവും അജു കോടതിയില്‍ സമര്‍പ്പിച്ചു.
അജു തന്റെ സുഹൃത്താണെന്നും ദുരുദ്ദേശപരമായിട്ടല്ല പേരു വെളിപ്പെടുത്തിയതെന്നും നടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും കേസ് ഇല്ലാതാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചോദ്യംചെയ്തതിനുശേഷം ദിലീപിനെ ന്യായീകരിച്ച് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലാണ് അജു വര്‍ഗീസ് ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്ന് പിന്നീട് പേര് പോസ്റ്റില്‍ നിന്ന് മാറ്റുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അജുവിന്റെ ഫോണ്‍ കളമശേരി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ അജുവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസ് നിലപാട്.
Leave a Reply