Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:17 am

Menu

Published on December 19, 2016 at 9:48 am

മഞ്ഞക്കടല്‍ കണ്ണീരായി;കൊല്‍ക്കത്തയ്ക്ക് കിരീടം

atletico-de-kolkata-crowned-champions

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അത്‌ല‌റ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് കിരീടം.  ബ്ലാസ്റ്റേഴ്സിനെ 4-3 എന്ന സ്കോറിൽ തോൽപിച്ചാണ് കൊൽക്കത്ത രണ്ടാം കിരീടം സ്വന്തമാക്കിയത്.

ആദ്യ പകുതിയിലായിരുന്നു മല്‍സരത്തില്‍ പിറന്ന ഇരുഗോളുകളുമെത്തിയത്. 37ആം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ലീഡ് നേടിയത്. എന്നാല്‍, 44ആം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം സെറീനോയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു. മല്‍സരം താരതമ്യേന വിരസമായിരുന്ന രണ്ടാം പകുതിയിലും മല്‍സരത്തിന്റെ അധികസമയത്തും സമനിലക്കെട്ട് പൊട്ടിക്കാനാകാതെ പോയതോടെ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ഷൂട്ടൗട്ട് പരീക്ഷണം.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാം ഗോള്‍: മാര്‍ക്വീ താരം പുറത്തുപോയതിന് തൊട്ടുപിന്നാലെ 37ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്. ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കം ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്ന്. പോസ്റ്റിന്റെ ഇടതുകോര്‍ണറില്‍നിന്നും മെഹ്താബ് ഹുസൈന്‍ ഉയര്‍ത്തിവിട്ട മഴവില്‍കിക്ക് കൊല്‍ക്കത്ത ബോക്‌സിലേക്ക് ചാഞ്ഞിറങ്ങുന്നു. പന്തിന് കണക്കാക്കി പറന്നെത്തിയ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ‘ഹെഡ്മാഷ്’ റാഫിയുടെ ലക്ഷണമൊത്ത ഹെഡര്‍ കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ മജുംദാറിനെ കബളിപ്പിച്ച് പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചു.

44ആം മിനിറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. ഗോള്‍വന്നത് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയ അതേവഴിയില്‍. കൊല്‍ക്കത്തയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ എടുത്തത് സമീഗ് ദൗത്തി. ബോക്‌സിലേക്ക് ചാഞ്ഞിറങ്ങിയ പന്തില്‍ പോര്‍ച്ചുഗല്‍ താരം ഹെന്റിക്വ് സെറീനോയുടെ ഹെഡര്‍. കേരളാ പ്രതിരോധം പിളര്‍ത്തി പന്തു വലയില്‍. സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. സ്‌കോര്‍ 1-1.

സീസണിലുടനീളം ബ്ലാസ്റ്റേഴ്‌സിനെ കാത്ത പ്രതിരോധ നിരയില്‍ വന്ന രണ്ടു മാറ്റങ്ങളായിരുന്നു മല്‍സത്തിലെ സവിശേഷത. സെമിയുടെ ഇരുപാദങ്ങളിലും മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ഇന്നത്തെ മല്‍സരം നഷ്ടമായ ഹോസു പ്രീറ്റോയ്ക്ക് പകരം കളത്തിലെത്തിയത് ഇഷ്ഫാഖ് അഹമ്മദ്. 34ആം മിനിറ്റില്‍ പരുക്കിനെ തുടര്‍ന്ന് പ്രതിരോധത്തിലെ കരുത്തനും മാര്‍ക്വീ താരവുമായ ആരോണ്‍ ഹ്യൂസും പുറത്തുപോയതോടെ പകരമെത്തിയത് സെനഗല്‍ താരം എന്‍ഹാജി എന്‍ഡോയെ. ഫലത്തില്‍ സീസണിലിതുവരെ ബ്ലാസ്റ്റേഴ്‌സിനെ കാത്ത പ്രതിരോധമതില്‍ തുടക്കത്തിലേ പൊളിഞ്ഞു.

മല്‍സരം തുടങ്ങുമ്പോള്‍ ഡക്കന്‍സ് നാസോണിനെ ഏക സ്‌ട്രൈക്കറാക്കി 4-4-1-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ ടീമിനെ ഒരുക്കിയത്. നാസോണിന് തൊട്ടുപിന്നില്‍ റാഫി. വിനീത്, ബെല്‍ഫോര്‍ട്ട് എന്നിവരെ ആക്രമണച്ചുമതലയേല്‍പ്പിച്ച് വിങ്ങുകളില്‍ നിയോഗിച്ചപ്പോള്‍ പ്രതിരോധത്തിന്റെ ചുമതലയുള്ള മധ്യനിരക്കാരുടെ റോള്‍ മെഹ്താബ്, അസ്‌റാക്ക് എന്നീ സ്ഥിരം മുഖങ്ങളെ ഏല്‍പ്പിച്ചു. ഹെങ്ബാര്‍ത്ത്, ആരോണ്‍ ഹ്യൂസ്, സന്ദേശ് ജിങ്കാന്‍ എന്നിവര്‍ക്കൊപ്പം പ്രതിരോധത്തിലേക്കെത്തിയത് ഇഷ്ഫാഖ് അഹമ്മദ്. സെമിയുടെ ഇരുപാദങ്ങളിലും മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ഇന്നത്തെ മല്‍സരം നഷ്ടമായ ഹോസു പ്രീറ്റോയ്ക്ക് പകരമായിരുന്നു ഇഷ്ഫാഖിന്റെ വരവ്.

അതേസമയം, കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്കായി വിജയഗോള്‍ നേടിയ ഹവിയര്‍ ലാറയെ പുറത്തിരുത്തിയാണ് കൊല്‍ക്കത്ത പരിശീലകന്‍ തുടങ്ങിയത്. സ്റ്റീഫന്‍ പിയേഴ്‌സന്‍, പ്രബീര്‍ ദാസ്, അബിനാഷ് റൂയിദാസ് തുടങ്ങിയവരും റിസര്‍വ് ബെഞ്ചിലിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ രണ്ടു ഫ്രീകിക്കുകളോടെയാണ് മല്‍സരത്തിന് തുടക്കമായത്. മധ്യവരയ്ക്ക് സമീപം നാസോണിനെ ബോര്‍യ ഫെര്‍ണാണ്ടസ് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിക്കുമ്പോള്‍ മല്‍സരത്തിന് പ്രായം രണ്ടു മിനിറ്റ്. കൊല്‍ക്കത്ത ബോക്‌സിനു മുന്നിലെ ആള്‍ക്കൂട്ടത്തിലേക്ക് താഴ്ന്നിറങ്ങിയ പന്ത് ഹെങ്ബാര്‍ത്ത് വഴി വിനീതിലേക്ക്. കൊല്‍ക്കത്ത പ്രതിരോധത്തെ കീറിമുറിച്ച് വിനീത് ഉയര്‍ത്തി നല്‍കിയ ക്രോസ് കിറുകൃത്യമായിരുന്നെങ്കിലും പന്തിന് ഗോളിലേക്ക് വഴികാണിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഇല്ലാതെ പോയി. നാലാം മിനിറ്റില്‍ നാസോണിനെ ജുവല്‍ രാജ വീഴ്ത്തിയതിന് വീണ്ടും ഫ്രീകിക്ക്. മെഹ്താബിന്റെ ഷോട്ട് പുറത്തുപോയി.

കളമുണരും മുന്‍പേ ലീഡ് പിടിക്കാനുള്ള ശ്രമത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ആക്രമിച്ചു കയറി. തരം കിട്ടിയപ്പോഴൊക്കെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ കൊല്‍ക്കത്തയും തിരിച്ചടിച്ചതോടെ ആവേശമാപിനി ഉയര്‍ന്നു. ഇടയ്ക്ക് കൊല്‍ക്കത്തയ്ക്ക് അനുകൂലമായ ലഭിച്ച കോര്‍ണറില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കരുപ്പിടിപ്പിച്ച ആക്രമണം ഗാലറിയില്‍ ആവേശം നിറച്ചു. പന്തുമായി മുന്നേറിയെത്തിയ ബെല്‍ഫോര്‍ട്ട് പന്ത് റാഫിക്ക് മറിച്ചു. ബോക്‌സിന് തൊട്ടുമുന്നില്‍ റാഫി പോസ്റ്റിനെ ലക്ഷ്യമിട്ടെങ്കിലും നിരങ്ങിയെത്തിയ ടിരി അപകടമൊഴിവാക്കി. പിന്നാലെ പന്തുമായി കുതിച്ചുകയറിയ ഇഷ്ഫാഖ് അഹമ്മദ് കൊല്‍ക്കത്ത ബോക്‌സിനടുത്തെത്തിയെങ്കിലും ക്രോസ് ദുര്‍ബലമായിപ്പോയി.

14ആം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക് ഹെല്‍ഡര്‍ പോസ്റ്റിഗ-ഹ്യൂം സഖ്യത്തിന്റെ മുന്നേറ്റം. പോസ്റ്റിന് മുന്നില്‍നിന്നും പോസ്റ്റിഗ തൊടുത്ത ഷോട്ട് ഗോളില്‍നിന്ന് വഴിമാറിയത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍. രണ്ടുമിനിറ്റിനുശേഷം കൊല്‍ക്കത്തയുടെ മറ്റൊരു മുന്നേറ്റം. വലതുവിങ്ങില്‍നിന്നും ദൗത്തിയുടെ ഷോട്ട് സ്റ്റാക്ക് തട്ടിത്തെറിപ്പിച്ചു.

19ആം മിനിറ്റില്‍ നാസോണിന്റെ വക ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും ഫ്രീകിക്ക്. ഇത്തവണ നാസോണിനെ വീഴ്ത്തിയത് ടിരി. അപകടകരമായ പൊസിഷനില്‍ ലഭിച്ച ഫ്രീകിക്ക് എടുത്തത് ബെല്‍ഫോര്‍ട്ട്. പോസ്റ്റിനെ ലക്ഷ്യമിട്ട ബെല്‍ഫോര്‍ട്ടിന്റെ ഷോട്ട് ക്രോസ്ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക്. പിന്നാലെ കൊല്‍ക്കത്ത ആക്രമണത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖം വിറച്ചു. രണ്ടുതവണ കൊല്‍ക്കത്ത ഗോളിനടുത്തെത്തിയെങ്കിലും രണ്ടു തവണയും പോസ്റ്റിഗയ്ക്ക് പിഴച്ചത് ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യം. ഇവയുള്‍പ്പെടെ ഇടതുവിങ്ങില്‍ മികച്ച നീക്കങ്ങള്‍ സംഘടിപ്പിച്ച ലാല്‍റിന്‍ഡിക റാള്‍ട്ടെ ഹ്യൂം-പോസ്റ്റിഗ സഖ്യത്തിന് പന്തെത്തിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് റാള്‍ട്ടെയില്‍നിന്ന് ലഭിച്ച പന്തില്‍ ഹ്യൂമിന്റെ ഫസ്റ്റ്‌ടൈം ഷോട്ട് പുറത്തുപോയി.

29ആം മിനിറ്റില്‍ വീണ്ടും നാസോണിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് ഗോളവസരം. കൂട്ടത്തോടെയെത്തിയ കൊല്‍ക്കത്ത പ്രതിരോധം പന്ത് അടിച്ചകറ്റി. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ ഹ്യൂമിന്റെ ഷോട്ട് അപകടഭീഷണി ഉയര്‍ത്തിയെങ്കിലും പുറത്തേക്കുപോയി. 34-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് മാര്‍ക്വീതാരവും പ്രതിരോധത്തിലെ കരുത്തനുമായ ആരോണ്‍ ഹ്യൂസ് പുറത്തുപോയി. പകരമെത്തിയത് സെനഗല്‍ താരം എന്‍ഡോയെ. മാര്‍ക്വീ താരം പോയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും ഇടവേളയ്ക്ക് തൊട്ടുമുന്‍പ് കൊല്‍ക്കത്ത ഗോള്‍ മടക്കി.

രണ്ടുഗോളുകള്‍ കണ്ട ആദ്യപകുതിക്കുശേഷം പതിഞ്ഞ തുടക്കമായിരുന്നു രണ്ടാം പകുതിയുടേത്. ഹോസുവിന് പകരം കളത്തിലിറങ്ങിയ ഇഷ്ഫാഖ് അഹമ്മദ് വലതുവിങ്ങില്‍ സമീഗ് ദൗത്തിയെ സുന്ദരമായി പൂട്ടിയിട്ടതോടെ അതുവഴി കൊല്‍ക്കത്ത മുന്നേറ്റനിരയിലേക്ക് പന്തെത്തുന്നത് തീര്‍ത്തും കുറഞ്ഞു. ഹ്യൂസിന് പകരം കളത്തിലിറങ്ങിയ എന്‍ഡോയെയും പരിഭ്രമം കൂടാതെ കോട്ട കാത്തതോടെ കൊല്‍ക്കത്തയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. ഇടയ്ക്ക് തലയ്ക്ക് പരുക്കേറ്റ കൊല്‍ക്കത്ത താരം സെറീനോ തലയില്‍ക്കെട്ടുമായാണ് തുടര്‍ന്നു കളിച്ചത്. കളി മന്ദഗതിയിലായതോടെ രണ്ടാം പകുതിയില്‍ ഗാലറിയിലും അനക്കമറ്റ അവസ്ഥ.

67ആം മിനിറ്റില്‍ ഗാലറിയില്‍ ആവേശം സമ്മാനിച്ച് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന്റെ തകര്‍പ്പനൊരു സേവ്. കൊല്‍ക്കത്തയുടെ മാര്‍ക്വീതാരം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ലോങ്‌റേഞ്ചര്‍ അപകട ഭീഷണി ഉയര്‍ത്തി ബോക്‌സിലേക്കെത്തിയെങ്കിലും ഗ്രഹാം സ്റ്റാക്ക് മുഴുനീള ഡൈവിലൂടെ പന്ത് രക്ഷപ്പെടുത്തി. പിന്നാലെ പോസ്റ്റിഗയെ പിന്‍വലിച്ച് ഹവിയര്‍ ലാറയെ കളത്തിലിറക്കി കൊല്‍ക്കത്ത പരിശീലകന്‍ മൊളീനോയുടെ നീക്കം.

മിനിറ്റുകള്‍ക്കുശേഷം മുഹമ്മദ് റാഫിക്ക് പകരം മുഹമ്മദ് റഫീഖിനേയും ഡക്കന്‍സ് നാസോണിന് പകരം അന്റോണിയോ ജര്‍മനെയുമിറക്കി ‘ആശാന്റെ’ മറുതന്ത്രം. 81ആം മിനിറ്റില്‍ കൊല്‍ക്കത്തയുടെ തകര്‍പ്പനൊരു മുന്നേറ്റത്തിനൊടുവില്‍ ലാല്‍റിന്‍ഡിക റാള്‍ട്ടെ ഗോള്‍ ലക്ഷ്യം വച്ചെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പന്തു പുറത്തുപോയി. 86ആം മിനിറ്റില്‍ ബോര്‍യ ഫെര്‍ണാണ്ടസിന്റെ ലോങ്‌റേഞ്ചറും ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക്. അഞ്ചു മിനിറ്റ് ഇന്‍ജുറി സമയം അനുവദിച്ചെങ്കിലും ഗോള്‍നില മാറാതിരുന്നതോടെ മല്‍സരം എക്‌സ്‌സ്ട്രാ ടൈമിലേക്ക്.

Loading...

Leave a Reply

Your email address will not be published.

More News